ദുരന്തബാധിതർക്ക് സഹായവുമായി 
നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്‌

ദുരന്തത്തിൽ മകൻ നഷ്‌ടപ്പെട്ട മുണ്ടക്കൈ സ്വദേശിനി തങ്കത്തിന്‌ കെട്ടിടനിർമാണ ക്ഷേമനിധി ബോർഡ്‌ ചെയർമാൻ
 വി ശശികുമാർ സഹായധനം കൈമാറുന്നു


കൽപ്പറ്റ മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തൊഴിലാളികളുടെ ആശ്രിതർക്കും ദുരന്തം ബാധിച്ചവർക്കും സഹായഹസ്‌തവുമായി കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധിബോർഡ്‌. ദുരന്തം ഏൽപ്പിച്ച ആഘാതത്തിനിടയിലും  അതിജീവനത്തിനുള്ള കൈത്താങ്ങായി മാറുകയാണ്‌ ബോർഡിന്റെ ധനസഹായം. നിർമാണത്തൊഴിലാളിയായ  മകൻ സുമേഷിനെ നഷ്‌ടപ്പെട്ട അമ്മ തങ്കം, തൊഴിലാളിയായ അച്ഛൻ പി കെ സുരേഷിനെ നഷ്‌ടമായ അഭിജിത്‌, ദുരന്തത്തിൽ പരിക്കേറ്റ അപ്പു എന്നിവരടക്കമുള്ളവരാണ്‌ ധനസഹായം ഏറ്റുവാങ്ങിയത്‌.  ഇതോടൊപ്പം കുടിയേറ്റ തൊഴിലാളികളായെത്തി മരണമടഞ്ഞവരുടെ ആശ്രിതർക്കും നിർമാണ തൊഴിലാളി ക്ഷേമനിധിയിൽനിന്ന്‌ സഹായം നൽകുന്നുണ്ട്‌. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക്‌ നാലുലക്ഷം രൂപയും  പെൻഷനായവരുടെ ആശ്രിതർക്ക്‌ ഒരു ലക്ഷം രൂപയും അതിഥി തൊഴിലാളികളുടെ ആശ്രിതർക്ക്‌ രണ്ട്‌ ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങൾക്ക്‌ 50,000 രൂപയുമാണ്‌ സഹായം. 90 പേരെയാണ്‌ ക്ഷേമനിധി ബോർഡ്‌ ദുരന്തബാധിതരായി കണ്ടെത്തിയത്‌.  32 പേർക്കായി 15,35,000 രൂപയാണ്‌ ആദ്യഘട്ടത്തിൽ വിതരണംചെയ്യുന്നത്‌.      ഹോട്ടൽ ഹരിതഗിരിയിൽ നടന്ന ധനസഹായ വിതരണം കെട്ടിടനിർമാണ ക്ഷേമനിധി ബോർഡ്‌ ചെയർമാൻ വി ശശികുമാർ ഉദ്‌ഘാടനംചെയ്‌തു. സെക്രട്ടറി കെ സുനിൽ അധ്യക്ഷനായി. ബോർഡ്‌ ഡയറക്ടർമാരായ മണ്ണാറം രാമചന്ദ്രൻ, തമ്പി കണ്ണാടൻ, ടി എം ജമീല, ഡി എൽ ശാലീന, പി ബിജു, തൊഴിലാളി യൂണിയൻ പ്രതിനിധികളായ വി വി ബേബി, വേണുഗോപാൽ, പ്രസന്ന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News