സഹ. സംഘത്തിന്റെയും സഹപ്രവർത്തകരുടെയും കൈത്താങ്ങ്‌ 3 പൊലീസുകാർക്ക്‌ 
വീടും സ്ഥലവും

ദുരന്തബാധിതരായ പൊലീസുകാർക്ക്‌ കേരള പൊലീസ്‌ ഹൗസിങ് സഹകരണ സംഘം വാങ്ങിനൽകുന്ന 
സ്ഥലം സംഘാംഗങ്ങൾ സന്ദർശിക്കുന്നു


  കൽപ്പറ്റ മുണ്ടക്കൈ ദുരന്തബാധിതരായ പൊലീസുകാർക്ക്‌ കേരള പൊലീസ്‌ ഹൗസിങ് സഹകരണ സംഘത്തിന്റെയും കേരള പൊലീസ്‌ അസോസിയേഷന്റെയും (കെപിഎ) കൈത്താങ്ങ്‌. ദുരന്തബാധിതരായ മൂന്നുപേർക്ക്‌ വീടും സ്ഥലവും നൽകും. സിപിഒമാരായ കൽപ്പറ്റ പൊലീസ്‌ സ്‌റ്റേഷനിലെ അനസ്‌, മേപ്പാടി സ്‌റ്റേഷനിലെ ബിൻസിയ നസ്രിൻ, കോഴിക്കോട്‌ സിറ്റി സ്‌റ്റേഷനിലെ ഷിഹാബുദ്ദീൻ എന്നിവർക്കാണ്‌ സേനയുടെ സഹായം. മൂന്നുപേരും ചൂരൽമലക്കാരാണ്‌.  ഹൗസിങ് സഹകരണസംഘം സ്ഥലവും കെപിഎ വീടുമാണ്‌ നൽകുന്നത്‌.  അനസിന്റെ വീട്‌ ഉരുപൊട്ടലിൽ പൂർണമായും നഷ്ടമായി. ബിൻസിയയുടെയും  ഷിഹാബുദ്ദീന്റെയും വീടുകൾ ഉരുളൊഴുകി വാസയോഗ്യമല്ലാതായി.  ഹൗസിങ് സംഘം വാങ്ങിയ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ ശനിയാഴ്‌ച നടത്തി. മീനങ്ങാടി പാലക്കമൂലയിൽ 45 ലക്ഷം രൂപയ്‌ക്ക്‌ 27.5 സെന്റ്‌ സ്ഥലമാണ്‌ വാങ്ങിയത്‌. ഓരോരുത്തർക്കും ഒമ്പത്‌ സെന്റിന്‌ മുകളിലുണ്ട്‌. കെപിഎ മൂന്നുപേർക്കും വീടൊരുക്കും. ജീവനക്കാരിൽനിന്ന്‌ തുക ശേഖരിച്ചാണ്‌ നിർമാണം. വീടൊന്നിന്‌ 25 ലക്ഷത്തോളം രൂപ വിനിയോഗിക്കും. ഫണ്ട്‌ ശേഖരണം പൂർത്തിയാകുകയാണ്‌. ദുരന്തബാധിതരായ സഹപ്രവർത്തകരെ സേന ചേർത്തുപിടിച്ച്‌ കണ്ണീരൊപ്പുകയാണ്‌. 12ന്‌ മീനങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ ആർ കേളു സ്ഥലത്തിന്റെ ആധാരം കൈമാറും. ഇതിന്റെ തുടർച്ചയായി കെപിഎ വീട്‌ നിർമാണം ആരംഭിക്കും. എത്രയും വേഗം ഭവനനിർമാണം പൂർത്തിയാക്കി കൈമാറുകയാണ്‌ ലക്ഷ്യമെന്ന്‌ കെപിഎ ഭാരവാഹികൾ പറഞ്ഞു.  Read on deshabhimani.com

Related News