പ്രധാനമന്ത്രി എത്തിയത്‌ ഡിസാസ്റ്റർ ടൂറിസ്റ്റായി: എം സ്വരാജ്‌



കൽപ്പറ്റ മുണ്ടക്കൈ–-ചൂരൽമല ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി എത്തിയത്‌ ഡിസാസ്റ്റർ ടൂറിസ്റ്റായാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ പറഞ്ഞു. ദുരന്തബാധിതരെ സഹായിക്കാത്ത കേന്ദ്ര സർക്കാരിന്റെ ക്രൂരതയ്‌ക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ ഹെഡ്‌ പോസ്റ്റ്‌ ഓഫീസ്‌ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഉരുൾപൊട്ടിയപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി. പരിക്കേറ്റവരെ കണ്ടു. കുഞ്ഞിനെ താലോലിച്ചു. ദുരന്തം മോദിയെയും മനുഷ്യനാക്കിയെന്ന്‌ ഒരുവേള ആളുകൾ ചിന്തിച്ചു. പിന്നീട്‌ കണ്ടത്‌ ദുരന്തബാധിതരെ ക്രൂരമായി പരിഹസിക്കുന്നതാണ്‌. ദുരന്തത്തിനിരകളാകുന്നവരെ സഹായിക്കാൻ മനുഷ്യരായി പിറന്നവർ പരമാവധി പരിശ്രമിക്കും. എന്നാൽ ആർഎസ്‌എസ്‌ എന്നും ആർഎസ്‌എസ്‌ ആണ്‌. ഒരു ദുരന്തവും അവരെ മനുഷ്യരാക്കുന്നില്ലെന്ന്‌ പ്രധാനമന്ത്രി തെളിയിച്ചു. മോദി എത്തിയത്‌ സഹായിക്കാനല്ല, ദുരന്തം ആസ്വദിക്കാനാണ്‌. കേരളത്തേക്കാൾ ആഘാതം കുറഞ്ഞ  സംസ്ഥാനങ്ങൾക്ക്‌ സഹായം നൽകിയപ്പോഴും കേരളത്തെ ക്രൂരമായി അവഗണിച്ചു.   കൂടുതൽ പരിഗണനയും സഹായവും അർഹിക്കുന്ന നാടാണ്‌ വയനാട്‌. എന്നിട്ടും ചില്ലിക്കാശ്‌ നൽകിയില്ല. സംഘപരിവാറിന്റെ വിഷലിപ്‌ത രാഷ്‌ട്രീയത്തെ പ്രതിരോധിക്കുന്ന നാടായതുകൊണ്ട്‌ രാഷ്‌ട്രീയമായി പകപോക്കുകയാണ്‌.  ദുരന്തത്തെയും ദുരന്തബാധിതരെയും പക തീർക്കാൻ ഉപയോഗിക്കുകയാണ്‌. മനുഷ്യർക്ക്‌ സാധിക്കുന്നതല്ല ഇത്‌. പ്രധാനമന്ത്രിക്കും ആർഎസ്‌എസിനും സാധിക്കും. അവർക്ക്‌ മനുഷ്യമനസ്സും മനുഷ്യത്വവുമില്ല.  ദുരന്തസമയത്ത്‌ വ്യോമനിരീക്ഷണം നടത്താനും മൃതദേഹങ്ങൾ കൊണ്ടുപോകാനും ഉപയോഗിച്ച ഹെലികോപ്‌ടറുകളുടെ വാടക ഈടാക്കാൻ പോകുകയാണ്‌. ദുരന്തത്തെ പണമുണ്ടാക്കാനുള്ള അവസരമാക്കുന്ന ഹൃദയശൂന്യതയാണ്‌ കാണുന്നത്‌.  വയനാടിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്‌ നേതൃത്വം കൊടുക്കേണ്ട ഉത്തരവാദിത്വം ഇവിടുത്തെ ലോക്‌സഭാംഗത്തിനുണ്ട്‌.  വയനാടിനെ അങ്ങേയറ്റം ക്രൂരമായി ദ്രോഹിച്ച, ചില്ലിക്കാശ്‌ സഹായിക്കാത്ത കേന്ദ്രത്തെയും കേരളത്തെയും ഒരുപോലെ വിമർശിക്കുന്ന നിലപാടാണ്‌ ലോക്‌സഭാംഗം സ്വീകരിക്കുന്നത്‌. അത്‌ വിചിത്രമാണ്‌. കേന്ദ്രം സഹായിച്ചില്ലെങ്കിലും എൽഡിഎഫ്‌ സർക്കാർ ദുരന്തബാധിതരുടെ പുനരധിവാസം മാതൃകാപരമായി പൂർത്തിയാക്കുമെന്നും സ്വരാജ്‌ പറഞ്ഞു. Read on deshabhimani.com

Related News