മുണ്ടക്കൈ–--ചൂരല്‍മല ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറാകുന്നു
കൽപ്പറ്റ മുണ്ടക്കൈ-–-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക തയ്യാറാകുന്നു. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാംഘട്ടത്തിൽ പരിഗണിക്കുക. വാടകവീടുകളിലും പാടികളിലും താമസിച്ചിരുന്ന ദുരന്തബാധിതർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും. അപകടമേഖലയിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ഒന്നാംഘട്ട പുനരധിവാസത്തിൽ ഉൾപ്പെടുന്നവരുടെ കരട് പട്ടിക സബ് കലക്ടറുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്. റേഷൻ കാർഡ് ജിയോറഫറൻസ് പ്രാഥമിക വിവരമായി കണക്കാക്കും. തദ്ദേശവകുപ്പിന്റെ ഹരിതമിത്രം ആപ്പ്, കെഎസ്ഇബി ഗുണഭോക്തൃ ജിയോറഫറൻസ് വിവരങ്ങൾ, റാപ്പിഡ് വിഷ്വൽ സ്‌ക്രീനിങ് വിവരങ്ങൾ, സർക്കാർ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങൾ, സർക്കാർ ക്വാർട്ടേഴ്‌സിൽ മാറ്റിപ്പാർപ്പിച്ചവരുടെ വിവരങ്ങൾ, പാടികളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കുക. കരട് പട്ടിക, മേപ്പാടി പഞ്ചായത്ത് തയ്യാറാക്കിയ പട്ടികയുമായി ഒത്തുനോക്കും. അതിൽ ഒഴിവാക്കപ്പെട്ടതും അധികമായി ഉൾപ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങൾ പഞ്ചായത്തിൽനിന്ന് ലഭ്യമാക്കി ആവശ്യമായ പരിശോധനകൾക്കുശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അന്തിമ കരട് പട്ടിക തയ്യാറാക്കും. Read on deshabhimani.com