ദുരന്തബാധിതരോട്‌ കേന്ദ്രത്തിന്റെ ക്രൂരത പ്രതിഷേധം തെരുവിൽ

സിപിഐഎം കൽപറ്റയിൽ നടത്തിയ യുദ്ധവിരുദ്ധറാലിയിൽ നിന്ന്


  കൽപ്പറ്റ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ അലയടിച്ച്‌ പ്രതിഷേധം. ഉരുൾപൊട്ടി മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയി രണ്ടുമാസം പിന്നിട്ടിട്ടും സഹായിക്കാത്ത കേന്ദ്ര നിലപാടിനെതിരെ കൽപ്പറ്റ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ സത്യഗ്രഹമിരുന്ന്‌ എൽഡിഎഫ്‌.  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ  ദുരന്തബാധിതരുൾപ്പെടെ നൂറുകണക്കിനുപേർ പങ്കാളികളായി. നാടിന്റെ കണ്ണീരുകാണാത്ത മോദി സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുയർന്നു. രാജ്യം വിറങ്ങലിച്ച ദുരന്തത്തിലും  കേന്ദ്രത്തിന്റെ പക്ഷപാതിത്വം തുറന്നുകാണിച്ചു. ദുരന്തത്തിന്റെ പതിനൊന്നാം ദിവസം മുഖ്യമന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ഉരുൾപൊട്ടലിന്റെ വ്യാപ്‌തി നേരിൽ മനസ്സിലാക്കിയിട്ടും സഹായിക്കാൻ തയ്യാറായിട്ടില്ല.  പ്രധാനമന്ത്രി എത്തിയപ്പോൾതന്നെ സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ നിവേദനം നൽകാനാണ്‌  ആവശ്യപ്പെട്ടത്‌.  കേന്ദ്രസംഘവും ദുരന്തമേഖല സന്ദർശിച്ച്‌ നഷ്ടം വിലയിരുത്തി.  സ്ഥിരം പുനരധിവാസത്തിനുൾപ്പെടെ 1202 കോടിയുടെ സഹായത്തിനുള്ള നിവേദനം ആഗസ്‌ത്‌ 17ന്‌ സംസ്ഥാനം സമർപ്പിച്ചിട്ടും ഒരുരൂപ അനുവദിച്ചിട്ടില്ല. സെപ്‌തംബർ ഏഴിന്‌ വെള്ളപ്പൊക്കമുണ്ടായ തെലങ്കാനയിൽ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്ര കൃഷിമന്ത്രി ശിവരാജ്‌ ചൗഹാൻ തെലങ്കാനയ്‌ക്കും ആന്ധ്രപ്രദേശിനുമായി 3448 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ത്രിപുരയ്‌ക്ക്‌ 40 കോടിയും അസമിനും സിക്കിമിനുമായി 11,000 കോടിയുടെ സഹായവും അനുവദിച്ചു. ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന്‌  ദിവസങ്ങൾക്കുമുമ്പ്‌  സംസ്ഥാനങ്ങൾക്ക്‌ സഹായം അനുവദിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. കേന്ദ്രസഹായം കിട്ടാതിരുന്നിട്ടും ദുരന്തബാധിതർക്ക്‌ സംസ്ഥാനം നൽകിയത്‌ 11.89 കോടി രൂപയാണ്‌.  ആയിരത്തോളം കുടുംബങ്ങളെ താൽക്കാലികമായി പുനരധിവസിപ്പിച്ചു.  സ്ഥിരം പുനരധിവാസത്തിന്‌ കൽപ്പറ്റയിലും മേപ്പാടി പഞ്ചായത്തിലെ നെടുമ്പാലയിലും ടൗൺഷിപ്പ്‌ പ്രഖ്യാപിച്ച്‌ സ്ഥലമെടുപ്പ്‌ നടപടികൾ തുടങ്ങി.  കേന്ദ്രസഹായം മുടക്കാനായി മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരണവും അതേറ്റുപിടിച്ച്‌ യുഡിഎഫും ബിജെപിയും നടത്തിയ സമരങ്ങളുടെ കാപട്യവും സത്യഗ്രഹത്തിൽ തുറന്നുകാണിച്ചു.  വി ശിവദാസൻ എംപി സമരം ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, കെ ജെ ദേവസ്യ, കെ കെ ഹംസ, ഷാജി ചെറിയാൻ, സണ്ണി മാത്യു, കുര്യാക്കോസ്‌ മുള്ളൻമാട, കെ എം ബഷീർ, ശ്രീധരൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ സ്വാഗതവും കൽപ്പറ്റ മണ്ഡലം കൺവീനർ കെ റഫീഖ്‌ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News