തെരഞ്ഞെടുപ്പ്‌ കമീഷനും കലക്ടർക്കും പരാതി പാരിതോഷികം നൽകി യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ 
അട്ടിമറിക്കുന്നു: എൽഡിഎഫ്‌



  കൽപ്പറ്റ പാരിതോഷികങ്ങൾ നൽകി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കുന്ന യുഡിഎഫ്‌ നടപടി  നിയമപരമായി നേരിടുമെന്ന്‌ എൽഡിഎഫ്‌ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ സി കെ ശശീന്ദ്രനും സെക്രട്ടറി പി പി സുനീർ എംപിയും  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള കിറ്റ്‌ വിതരണത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനും കലക്‌ടർക്കും എൽഡിഎഫ്‌ പരാതി നൽകി. തോൽപ്പെട്ടിയിൽ തെരഞ്ഞെടുപ്പ്‌ ചിഹ്നവും സ്ഥാനാർഥിയുടെ ചിത്രവും പതിച്ച കിറ്റുകളാണ്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ പിടികൂടിയത്‌.  സന്നദ്ധസംഘടനകൾ ദുരന്തബാധിതർക്കായി വിശ്വാസപൂർവം ഏൽപ്പിച്ച സാധനങ്ങളാണ്‌ തെരഞ്ഞെടുപ്പ്‌ ലാഭത്തിനായി യുഡിഎഫ്‌ ജില്ലയിലാകെ ദുരുപയോഗം ചെയ്യുന്നത്‌. അർഹരായവർക്ക്‌ വിതരണം ചെയ്യാതെ യുഡിഎഫ്‌ ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത്‌ പൂഴ്‌ത്തിവച്ച ഭക്ഷ്യസാധനങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. യുഡിഎഫ്‌ നടത്തിയ തെറ്റായ പ്രവർത്തനത്തിന്റെ ജാള്യം മറയ്‌ക്കാൻ റവന്യു വകുപ്പിന്റെ കുറ്റമായി ചിത്രീകരിക്കാനാണ്‌ കൽപ്പറ്റ എംഎൽഎ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്‌. യുഡിഎഫ്‌ മണ്ഡലത്തിലാകെ പണമൊഴുക്കിയും പാരിതോഷികങ്ങൾ നൽകിയും ജനാധിപത്യം കളങ്കപ്പെടുത്തുകയാണ്‌. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളെല്ലാം കള്ളപ്പണമൊഴുക്കി അട്ടിമറിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ഉത്തരേന്ത്യൻ ശൈലിയിൽ പണം കൊടുത്ത്‌ ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാനുള്ള ശ്രമമാണ് യുഡിഎഫിന്റേത്‌. ജനപ്രാതിനിധ്യ നിയമപ്രകാരം വലിയ കുറ്റകൃത്യമാണ്‌ പ്രിയങ്കയ്‌ക്കായി നടത്തുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  ബിജെപി സ്വീകരിച്ച സമീപനം ഇത്തവണ കോൺഗ്രസ്‌ ഏറ്റെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കുന്ന ശ്രമങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും നേരിടും.  മണ്ഡലത്തിലാകെ പ്രതിഷേധമുയർത്തും. സിപിഐ  ജില്ലാ സെക്രട്ടറി ഇ ജെ ബാബുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News