ഏരിയാസമ്മേളനങ്ങൾ പൂർത്തിയായി ആവേശത്തോടെ ജില്ലാ സമ്മേളനത്തിലേക്ക്
ബത്തേരി ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കി സിപിഐ എം ജില്ലാ സമ്മേളനത്തിലേക്ക്. 21 മുതൽ 23വരെ ബത്തേരിയിലാണ് സമ്മേളനം. 823 ബ്രാഞ്ച് സമ്മേളനങ്ങളും 66 ലോക്കൽ സമ്മേളനങ്ങളും എട്ട് ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായി സെപ്‌തംബർ മുതലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. ഒക്‌ടോബറിൽ ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി. നവംബറിൽ ആരംഭിച്ച ഏരിയാ സമ്മേളനങ്ങൾ മാനന്തവാടി ഏരിയാ സമ്മേളനത്തോടെ ഞായറാഴ്‌ച സമാപിച്ചു. ജില്ലാ കമ്മിറ്റി രൂപീകരിച്ച് 50 വർഷം പിന്നിടുമ്പോഴുള്ള സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പാർടി അംഗങ്ങളും പ്രവർത്തകരും പാർടി ബന്ധുക്കളും. ബ്രാഞ്ച് തലത്തിൽ കുടുംബസംഗമങ്ങൾ നടത്തിയാണ് പ്രചാരണം മുന്നേറുന്നത്. ചുവരെഴുത്തും പ്രചാരണ ബോർഡുകളും തോരണങ്ങളുമെല്ലാം സജീവമാണ്. പാർടി ചരിത്രം വിളിച്ചോതുന്ന അലങ്കരിച്ച പ്രചാരണക്കുടിലുകൾ ബ്രാഞ്ച്‌തലം മുതൽ ഒരുക്കിയിട്ടുണ്ട്. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായുള്ള വിവിധ സെമിനാറുകൾ, കലാ–-കായിക മത്സരങ്ങൾ എന്നിവയും ആരംഭിച്ചു. പ്രൈസ് മണി ക്രിക്കറ്റ് മത്സരം ശനി, ഞായർ ദിവസങ്ങളിലായി ചൂതുപാറയിൽ നടന്നു. കലാ മത്സരങ്ങൾക്ക് തുടക്കം കുറിച്ച് ബത്തേരി കോ -ഓപ്പറേറ്റീവ് കോളേജിൽ നാടൻപാട്ട്, കവിതാലാപനം എന്നിവ അരങ്ങേറി. കായിക മത്സരങ്ങളുടെ ഭാഗമായി വോളിബോൾ മത്സരം 10ന് ഓടപ്പള്ളത്തും അത്‌ലറ്റിക്‌സ് മത്സരങ്ങൾ 14ന് സർവജന സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. 14ന് ‘പി ഭാസ്‌കരൻ സിനിമാ ഗാനാലാപന മത്സരം’, 15ന് ജില്ലയിലെ പ്രശസ്‌ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങ്, 17ന് ‘പാട്ടും വരയും കട്ടനും’ തുടങ്ങിയ പരിപാടികൾ നടക്കും. സിനിമാ ഗാനാലാപന മത്സരവും കവിയരങ്ങും ബത്തേരി വയോജന പാർക്കിലും ‘പാട്ടും വരയും കട്ടനും’ സ്വതന്ത്ര മൈതാനിയിലുമാണ് നടക്കുക. Read on deshabhimani.com