90 ലക്ഷം അധികവില കർഷകർക്ക്‌ കൈത്താങ്ങായി ബത്തേരി ക്ഷീരസംഘം

ബത്തേരി പാൽവിതരണ സഹകരണ സംഘം കർഷകർക്ക്‌ നൽകുന്ന 90 ലക്ഷം രൂപ അധികവിലയുടെ വിതരണോദ്‌ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിക്കുന്നു


ബത്തേരി ക്ഷീരകർഷകർക്ക്‌ ഓണക്കാലത്ത് സാമ്പത്തിക സഹായവുമായി ബത്തേരി പാൽവിതരണ സഹകരണ സംഘം. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ആഗസ്‌ത്‌ 31വരെ അളന്ന പാലിന്‌ ലിറ്ററിന്‌ രണ്ട്‌ രൂപ നിരക്കിൽ 90 ലക്ഷം രൂപയാണ്‌ അധികവില നൽകിയത്‌. 2728 കർഷകർക്കാണ്‌ ആനുകൂല്യം ലഭിച്ചത്‌.   വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, കാലിത്തീറ്റ വിലവർധന തുടങ്ങിയവയിൽ ക്ഷീരകർഷകർ പ്രതിസന്ധിയിലായ ഘട്ടത്തിലാണ്‌ സഹായം.  മുപ്പതിനായിരം ലിറ്റർ പാലാണ്‌ ദിനംപ്രതി സംഘം സംഭരിക്കുന്നത്‌.  5000 ലിറ്റർ പ്രാദേശികമായി വിറ്റഴിക്കും. ബാക്കിവരുന്ന പാൽ വയനാട്‌ മിൽക്ക്‌ എന്ന ബ്രാൻഡിലും പാലായും പാൽ ഉൽപ്പന്നങ്ങളായും വയനാട്‌, കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ ജില്ലകളിൽ വിപണനം ചെയ്യുന്നു. 200 പേർക്ക്‌ പ്രത്യക്ഷത്തിലും ആയിരത്തോളം പേർക്ക്‌ പരോക്ഷമായും സംഘത്തിൽ ജോലിയുണ്ട്‌. മണിക്കൂറിൽ 5000 ലിറ്റർ സംസ്‌കരണ ശേഷിയുള്ള ഡെയറി പ്ലാന്റ്‌ സംഘത്തിന്റെ സവിശേഷതയാണ്‌. കർഷകർക്ക്‌ സൗജന്യമായും സബ്‌സിഡി നിരക്കിലും വെറ്ററിനറി മരുന്നുകൾ വിറ്റഴിക്കുന്നതിന്‌ മെഡിക്കൽ സ്‌റ്റോറും പശുക്കളെ ചികിത്സിക്കുന്നതിന്‌ വെറ്ററിനറി ഡോക്ടറുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്‌.  കഴിഞ്ഞ സാമ്പത്തിക വർഷം അധികവിലയായി 3.3 കോടിയും ധനസഹായമായി 50 ലക്ഷവും സംഘത്തിൽനിന്നും നൽകിയിരുന്നു. കെ കെ പൗലോസ്‌ പ്രസിഡന്റും സിന്ധു ഹരിദാസ്‌ വൈസ്‌ പ്രസിഡന്റുമായ ഭരണസമിതിയാണ്‌ സംഘത്തിന്റേത്‌. പി പി വിജയനാണ്‌ സെക്രട്ടറി. Read on deshabhimani.com

Related News