മൂന്നാംദിനവും സമരം പ്രതിഷേധം ആളി

സിപിഐ എം ഏരിയാ സെക്രട്ടറി വി ഹരിസിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു


 മേപ്പാടി തുടർച്ചയായി മൂന്നാംദിനവും സമരഭരിതമായി മേപ്പാടി.  മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത്‌ വിതരണംചെയ്‌ത ഭക്ഷ്യക്കിറ്റിലെ സോയാബീനിൽനിന്ന്‌ കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്‌ ശനിയാഴ്‌ച വൻപ്രതിഷേധമുയർന്നു. എൽഡിഎഫ്‌ നേതൃത്വത്തിൽ ടൗണിൽ റോഡ്‌  ഉപരോധിച്ചു. മേപ്പാടി പഞ്ചായത്ത്‌ ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ പ്രതിഷേധം ആളി.    സർക്കാർ നൽകിയ ഭക്ഷ്യവസ്‌തുക്കൾ യഥാസമയം വിതരണം ചെയ്യാതെ പൂഴ്‌ത്തിവച്ച്‌ തെരഞ്ഞെടുപ്പ്‌ കണക്കാക്കി വിതരണം ചെയ്യുകയായിരുന്നുവെന്ന്‌ പ്രവർത്തകർ ആരോപിച്ചു. 11.30ന്‌ തുടങ്ങിയ ഉപരോധം  12.30വരെ നീണ്ടു. പ്രവർത്തകരെ പൊലീസ്‌ അറസ്‌റ്റുചെയ്‌ത്‌ നീക്കി. ദുരന്തബാധിതർക്ക്‌ പുഴുവരിച്ച അരി നൽകിയതിനെതിരെ  വ്യാഴാഴ്‌ച ഡിവൈഎഫ്‌ഐ പ്രവർത്തകർ പഞ്ചായത്ത്‌ ഓഫീസിലും സാധനങ്ങൾ സൂക്ഷിച്ച ഗോഡൗണിലും വൻപ്രതിഷേധം ഉയർത്തി. വെള്ളിയാഴ്‌ച പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ സിപിഐ എം മാർച്ച്‌ നടത്തി.  ശനിയാഴ്‌ച റോഡ്‌ ഉപരോധം സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്‌ ഉദ്‌ഘാടനംചെയ്‌തു. കെ വിനോദ്, കെ കെ സഹദ്, പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ റഫീഖ്, പി കെ ഹരിദാസ്, നജീബ് ചന്തക്കുന്ന് എന്നിവർ നേതൃത്വം നൽകി.  കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങളിലെ മൂന്ന്‌ കുട്ടികളെയാണ്‌ ഭക്ഷ്യവിഷബാധയേറ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞ ദിവസമാണ്‌ മേപ്പാടി പഞ്ചായത്ത്‌ പുഴുവരിച്ച അരിയും കാലാവധി കഴിഞ്ഞ മറ്റു ഭക്ഷ്യവസ്‌തുക്കളും വിതരണം ചെയ്‌തത്‌. ഇത്‌ ഭക്ഷിച്ചവർക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌. മുതിർന്നവർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. Read on deshabhimani.com

Related News