റോഡ്‌ നിർമാണം നിലച്ചു: 
യാത്രാദുരിതത്തിൽ നാട്ടുകാർ

നിർമാണം നിലച്ച കലുങ്ക്


  കൽപ്പറ്റ  സുഗന്ധഗിരി സി ബ്ലോക്കിലെ അമ്പ സ്കൂൾ - മൂന്നാം യൂണിറ്റ് റോഡിന്റെ  നിർമാണം നിലച്ചതിൽ  ബുദ്ധിമുട്ടിലായി നാട്ടുകാർ.  രണ്ട് കിലോമീറ്ററോളം റോഡാണ്  നിർമാണം നടക്കാതെ കിടക്കുന്നത്. കലുങ്കിനായി കുഴിച്ചതോടെ റോഡിലൂടെയുള്ള കാൽനടപോലും പ്രയാസത്തിലാണ്‌.  അമ്പ ഗവ. എൽപി സ്കൂളിലേക്കുള്ള വിദ്യാർഥികളടക്കം ബുദ്ധിമുട്ടിലാണ്.   റോഡ്‌ നിര്‍മാണം കഴിഞ്ഞ നവംബറിൽ തുടങ്ങി. ഒരു കലുങ്ക് പൂർത്തിയാക്കിയിട്ടുണ്ട്‌.  ഒരുപാലത്തിന്റെ നിര്‍മാണം തുടങ്ങിയപ്പോഴാണ് വനംവകുപ്പ് തടഞ്ഞത്. വനംവകുപ്പാണ് റോഡ് പണിക്ക് തടസ്സമായി നിൽക്കുന്നതെന്ന് പഞ്ചായത്ത് പറയുന്നു.  പഞ്ചായത്ത് എൻഒസി നൽകിയിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രദേശത്ത് നടത്തിയ പ്രവർത്തനങ്ങൾക്കൊന്നും എൻഒസി വനംവകപ്പ് ആവശ്യപ്പെട്ടിട്ടില്ല.    മുമ്പില്ലാത്ത കീഴ്‌വഴക്കം പുതിയ നിർമാണത്തിൽ വന്നതോടെ ജനങ്ങൾ ഏറെ പ്രശ്നത്തിലാണെന്ന് പഞ്ചായത്ത് പറയുന്നു. എന്നാൽ സുഗന്ധി മരംമുറി വിവാദത്തിനുശേഷം നിയമം ശക്തമാക്കിയെന്നും എൻഒസി വേണമെന്നും വനംവകുപ്പും പറയുന്നു.  സുഗന്ധഗിരിക്ക് മാത്രമായി അന്നത്തെ എംഎല്‍എ ആയിരുന്ന സി കെ ശശീന്ദ്രന്‍ 40 കോടി രൂപയുടെ പദ്ധതി വിഭാവനംചെയ്തു. ട്രൈബൽ റീസെറ്റിൽമെന്റ്‌ ആൻഡ് ഡെവലപ്മെന്റ്‌ മിഷൻ  40 കോടി അനുവദിക്കുകയുംചെയ്തു. കല്ലൂർ പ്ലാന്റേഷൻ റോഡ്, എട്ടാം നമ്പർ കൂപ്പ് റോഡ്, കാപ്പി റോഡ് എന്നിവയെല്ലാം പണി പൂർത്തീകരിച്ചതാണ്. പ്ലാന്റേഷൻ സ്കൂളിനോട് ചേർന്ന സാംസ്കാരിക നിലയം, 50 ഏക്കർ - ഡാം റോഡ്, പ്ലാന്റേഷൻ - ചെന്നായ്കവല റോഡ് എന്നിവയെല്ലാം പണി പൂർത്തീകരിക്കാനുള്ളതാണ്. ഡിഎഫ്ഒ ചൊവ്വാഴ്ച പഞ്ചായത്ത്, റവന്യു, ട്രൈബല്‍ വകുപ്പുകളുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രശ്നപരിഹാരം സാധ്യമാകുമെന്നാണ്  പ്രദേശവാസികളുടെ പ്രതീക്ഷ. അല്ലാത്തപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്ന്‌ നാട്ടുകാർ പറഞ്ഞു.   പ്രക്ഷോഭത്തിന്  നേതൃത്വം നൽകും 
 സിപിഐ എം നാട്ടുകാരുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വംകൊടുക്കുമെന്ന്  സിപിഐ എം പൊഴുതന ലോക്കൽ കമ്മിറ്റി. വിദ്യാർഥികളടക്കം ബുദ്ധിമുട്ടിലാണ്.  അമ്പ സ്കൂൾ - മൂന്നാം യൂണിറ്റ് റോഡിലെ മാലതി മാരന്റെ വീട് വാസയോഗ്യമല്ലാത്തതിനാൽ പൊളിച്ചു പുതിയ വീടിന്റെ പണി തുടങ്ങിയപ്പോൾ നിർമാണം നിർത്തിച്ചു. വീടുകൾക്കും എൻഒസി ആവശ്യമാണെന്നാണ് പറയുന്നത്. എന്നാൽ മുമ്പ് വീട് നിർമാണത്തിനായി പഞ്ചായത്ത് ആവശ്യപ്പെട്ട എൻഒസി ഒരു വർഷമായിട്ടും കിട്ടിയിട്ടില്ല. ഇതുപോലെ നിരവധി വീടുകൾ പല പദ്ധതികളിൽ ഉൾപ്പെടുത്തി പ്രദേശത്ത് നിർമിക്കാനുണ്ട്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് വനംവകുപ്പിന്റെ ശാഠ്യത്തിൽ കഷ്ടപ്പെടുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. പ്ലാന്റേഷനിൽ ഞായറാഴ്‌ച സിപിഐ എം നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവൻഷൻ ചേരും. Read on deshabhimani.com

Related News