‘ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല’
കൽപ്പറ്റ ‘ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പുനൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുകതന്നെ ചെയ്യും’–- മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച ഫെയ്‌സ് ബുക്കിൽ കുറിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും തുടർന്നുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ചതിന്റെ ചിത്രം പങ്കുവച്ചാണ് മുഖ്യമന്ത്രി ഫെയ്സ്‌ബുക്കിൽ കുറിപ്പിട്ടത്. കഴിഞ്ഞ നാല് മാസമായി ഈ കരുതൽ നാട് അറിയുന്നുണ്ട്. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരെ കേന്ദ്രം ക്രൂരമായി അവഗണിക്കുമ്പോഴും സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുകയാണ്. സമാനതകളില്ലാത്ത മഹാദുരന്തത്തിൽനിന്ന് നാടിനെ കൈപിടിച്ചുകയറ്റതിന്റെ ആത്മവിശ്വാസത്തിലാണ് സർക്കാരിന്റെ ഓരോ നടപടിയും. ഇതുവരെ 17.5 കോടിയിലധികം രൂപ സഹായം നൽകി. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഒരുമാസത്തേക്ക് ദിവസം 300 രൂപ വീതം നൽകാൻ തീരുമാനിച്ചത് ഒരുമാസത്തേക്കുകൂടി നീട്ടി തുക നൽകി. മൂന്നാമത്തെ മാസവും നൽകും. മരിച്ചവരുടെ ആശ്രിതരായ 160 പേർക്ക് എട്ട് ലക്ഷം രൂപവീതം നൽകി. 1036 പേർക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിച്ചു. 174 മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പതിനായിരം രൂപവീതം നൽകി. പരിക്കേറ്റവർക്ക് ചികിത്സാസഹായമായി 4,59,200 രൂപയും പ്രത്യേക ധനസഹായമായി 17 ലക്ഷവും അനുവദിച്ചു. താൽക്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങൾക്ക് വാടകയായി ആഗസ്‌ത് മുതൽ നവംബർവരെ 1,70,86,000 രൂപ നൽകി. മാതൃകാ ടൗൺഷിപ്പ് നിർമിക്കാൻ സ്ഥലമേറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. Read on deshabhimani.com