പോരാട്ടവീറിന്റെ വി പി എസ്‌

വി പി ശങ്കരൻ നമ്പ്യാർ.


കൽപ്പറ്റ സിപിഐ എം  വയനാട്‌ ജില്ലാ കമ്മിറ്റി  രൂപീകരണത്തിൽ  പങ്കുവഹിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ജില്ലയിലെ മുതിർന്ന കമ്യൂണിസ്‌റ്റ്‌ നേതാവായ വി പി ശങ്കരൻ നമ്പ്യാർ.  സർക്കാർ പൊടുന്നനെയെടുത്ത തീരുമാനമല്ല വയനാടിന്റെ ജനനം.  ജില്ലക്ക് മുമ്പേ ജില്ലാ കമ്മിറ്റി രൂപീകരിച്ച സിപിഐ എമ്മിന്റെ ആദ്യ കമ്മിറ്റി അംഗമായ വി പി ശങ്കരൻ നമ്പ്യാർ  എന്ന വി പി എസ്‌ ജില്ലാ രൂപീകരണത്തിന്റെ വഴി പറയുമ്പോൾ സിപിഐ എമ്മിന്റെ ചരിത്രം കൂടിയാവുകയാണ്. ‘അന്ന് കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ കീഴിലായിരുന്നു തെക്കേ വയനാട്ടിലെ സംഘടനാ പ്രവർത്തനം. ആ കാലങ്ങളിൽ  സമരങ്ങൾക്കടക്കം കോഴിക്കോട്ടേക്കാണ് പോകാറ്.  ബസ് ചാർജ് വർധനക്കെതിരെ കോഴിക്കോട് കലക്ടറേറ്റിലേക്ക് സമരം നടത്താൻ മേപ്പാടിയിൽനിന്ന്‌  നടന്നാണ് പോയത്.  കണ്ണൂരിൽ ജനിച്ച വി പി എസ്‌ 1950കളിലാണ് വയനാട്ടിലെത്തുന്നത്. പിന്നീട് കുറച്ചുകാലം ഉദുമൽപേട്ടയിൽ പോയി. 52ൽ തിരിച്ചുവന്നു. 12 വയസ്സായിരുന്നു അന്ന്. മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പോടെയാണ്  പൊതുപ്രവർത്തനങ്ങളിൽ സജീവമാവുന്നത്. ഇതിനോടകം ഇടതുപക്ഷാഭിമുഖ്യം ശക്തമായിരുന്നു.  1955ൽ തൃക്കെെപ്പറ്റയിൽ കർഷകസംഘം രൂപീകരിച്ചു. ചാക്കോ മേസ്‌തിരി, സ്കറിയ മേസ്‌തിരി തുടങ്ങിയവരുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ്‌ പാർടിയിൽ അംഗവുമായി.  1960 സെപ്തംബർ 11, 12 തീയതികളിൽ  കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ കീഴിൽ  തെക്കേ വയനാട് താലൂക്ക് കൺവൻഷൻ ചേർന്ന് കമ്മിറ്റിയുണ്ടാക്കി. ടി എച്ച് കെ വാര്യരായിരുന്നു സെക്രട്ടറി. പി കുഞ്ഞിക്കണ്ണനുൾപ്പെടെയുള്ളവർ  കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. 1964ൽ പാർടി പിളർന്നതോടെ കുറച്ചുകാലം സംഘടനാ പ്രവർത്തനം അനിശ്ചിതത്വത്തിലായെങ്കിലും ശക്തമായ പ്രവർത്തനങ്ങളുമായി  സജീവമായി. വയനാട്  കേന്ദ്രീകരിച്ച് ജില്ല വേണമെന്നും ജില്ലാകമ്മിറ്റി വേണമെന്നുമുള്ള ആവശ്യം താലൂക്ക് കമ്മിറ്റി യോഗങ്ങളിൽ  സജീവമായി ചർച്ച ചെയ്തു. സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരൻ ഈ അഭിപ്രായത്തോട് യോജിച്ചു. ഇതിന്റെ ഭാഗമായാണ് സിപിഐ എമ്മിന്റെ ആദ്യ ജില്ലാ സമ്മേളനം 1973 ഡിസംബറിൽ മാനന്തവാടിയിൽ ചേർന്നത്.  ഇ കെ നായനാരായിരുന്നു ഉദ്ഘാടകൻ. എം വി രാഘവൻ, പുത്തലത്ത് നാരായണൻ എന്നിവരും പങ്കെടുത്തു. ആദ്യ ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്ത ഇ കെ നായനാർ തന്നെയാണ്  മുഖ്യമന്ത്രിയായിരിക്കെ വയനാട് ജില്ലാ രൂപീകരണ പ്രഖ്യാപനവും നടത്തിയത്.’ –  ശങ്കരൻ നമ്പ്യാർ പറഞ്ഞു.    Read on deshabhimani.com

Related News