പോരാട്ടച്ചുവപ്പിന് അമ്പത്
കൽപ്പറ്റ അരനൂറ്റാണ്ട് പിന്നിട്ട സിപിഐ എം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം 16–-ാം ജില്ലാ സമ്മേളനത്തിലേക്ക്. 1973 ഡിസംബർ ഒമ്പതിന് രൂപീകരിച്ച ജില്ലാ കമ്മിറ്റി അരനൂറ്റാണ്ട് പിന്നിട്ടു. ജന്മിത്വം, കുടിയാൻ സമ്പ്രദായം, പാട്ടം, കുടിയൊഴുപ്പിക്കൽ തുടങ്ങിയവക്കെതിരെ ഉയർന്ന പ്രക്ഷോഭങ്ങളും ബ്രിട്ടീഷ് അധീനതയിലായിരുന്ന തോട്ടങ്ങളിലെ തൊഴിൽ ചൂഷണത്തിനെതിരെ മുഴങ്ങിയ ശബ്ദവും തൊഴിലാളികളുടെയും കർഷകരുടെയും ചെറുത്തുനിൽപ്പ് സമരങ്ങളുമെല്ലാം കമ്യൂണിസ്‌റ്റ് പാർടിയുടെ ജില്ലാ കമ്മിറ്റി രൂപീകരണത്തിലേക്കെത്തി. ചുരംകയറി ഒളിവിൽ കഴിയാനെത്തിയ സഖാക്കളുടെ സ്വാധീനവും നേതൃത്വവും കമ്യൂണിസ്റ്റ് ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും ദൃഢത നൽകി. എ കെ ജി, കെ പി ഗോപാലൻ, സി എച്ച് കണാരൻ, അഴീക്കോടൻ രാഘവൻ തുടങ്ങിയ നേതാക്കളുടെ ഒളിത്താവളമായിരുന്നു വയനാട്. ഒളിവിൽ കഴിഞ്ഞ നേതാക്കൾ തിരുനെല്ലി, തൃശ്ശിലേരി, വെള്ളമുണ്ട തുടങ്ങിയ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് അനുഭാവികളെ കണ്ടെത്തി. കുടിയൊഴുപ്പിക്കലിനെതിരെയുള്ള പോരാട്ടം നയിക്കാൻ എ കെ ജി തന്നെയെത്തി. അമിത പാട്ടത്തിനെതിരെ സമരമുഖങ്ങൾ തുറന്നു. കർഷകസംഘം പ്രവർത്തനങ്ങളിലൂടെ ഗ്രാമങ്ങളിൽ പാർടി ഗ്രൂപ്പുകളുണ്ടായി. ഒളിവിൽ കഴിയവെ മേപ്പാടിയിലെത്തിയ സി എച്ച് കണാരൻ തോട്ടം തൊഴിലാളികളുടെ ജീവൽ പ്രശ്‌നങ്ങളുയർത്തി. പാലക്കാട്ടുകാരനായ പി ശങ്കർ സിലോണിൽനിന്ന് ജില്ലയിലെത്തി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സജീവമാക്കി. വയനാട് എസ്‌റ്റേറ്റ് ലേബർ യൂണിയനും നോർത്ത് വയനാട് എസ്‌റ്റേറ്റ് ലേബർ യൂണിയനും രൂപീകരിച്ചു. പി വി വർഗീസ് വൈദ്യർ മുൻകൈയെടുത്ത് രൂപീകരിച്ച കുടിയേറ്റ കർഷകസമിതി കാർഷികമേഖലയിൽ സ്വാധീനം ചെലുത്തി. കർഷകത്തൊഴിലാളികൾക്കും തോട്ടംതൊഴിലാളികൾക്കും കർഷകർക്കും ആശ്രയമായി ജില്ലയിൽ വളർന്ന കമ്യൂണിസ്റ്റ് ആശയമാണ് വയനാട് ജില്ല രൂപീകരിക്കും മുമ്പുള്ള ജില്ലാ കമ്മിറ്റിയായി വളർന്നത്. Read on deshabhimani.com