പൊന്നരിവാളിനല്ലാതെ വോട്ടില്ല



മാനന്തവാടി ‘കോൺഗ്രസ്‌ ചിത്രംവച്ച കിറ്റ്‌ തന്നാലൊന്നും ഞങ്ങള്‌ കുലുങ്ങൂല. പൊന്നരിവാളിനല്ലാതെ വോട്ടുമില്ല’–- കാട്ടിക്കുളത്ത്‌ സത്യൻ മൊകേരിയെ വാരിപ്പുണർന്ന്‌ തൃശിലേരി ഉന്നതിയിലെ ഗംഗ സ്ഥാനാർഥിയോട്‌ പറഞ്ഞതാണിത്‌.  മാനന്തവാടി മണ്ഡലത്തിലെ ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആരവക്കൂട്ടങ്ങൾക്ക്‌  പറയാനുള്ളതും ഇതാണ്‌.  ചെങ്കൊടികെട്ടി തോരണംതൂക്കിയ ഗ്രാമങ്ങളും അങ്ങാടികളുമായിരുന്നു വഴിനീളെ. ഗ്രാമ, നഗര വ്യത്യാസമില്ലാതെ സ്ഥാനാർഥിയെ മാനന്തവാടി ഹൃദയത്തിലേറ്റി. പ്രതീക്ഷയുടെ പെരുമ്പറ മുഴക്കിയാണ്‌ സ്വീകരണ കേന്ദ്രങ്ങളോരോന്നും സ്ഥാനാർഥിയെ വരവേറ്റത്‌. തിരുനെല്ലി അപ്പപ്പാറയിൽനിന്ന്‌ ആരംഭിച്ച പര്യടനം കാട്ടിക്കുളവും പയ്യമ്പള്ളിയെല്ലാം കടന്ന്‌ 18 സ്വീകരണ കേന്ദ്രങ്ങളിലെ സ്‌നേഹവായ്‌പ്‌ ഏറ്റുവാങ്ങി. പനമരവും വെള്ളമുണ്ടയുമെല്ലാം നട്ടുച്ചയിലും നൂറുകണക്കിനുപേർ അണിനിരന്ന പ്രകടനങ്ങളായി. പൂക്കളും പൂമാലയും ഉപഹാരങ്ങളുമെല്ലാം നൽകിയായിരുന്നു സ്‌നേഹപ്രകടനം. നാടിനെ വഞ്ചിച്ച രാഹുൽ ഗാന്ധിയെ തുറന്നുകാട്ടി സ്ഥാനാർഥിയുടെ പൈലറ്റ്‌ വാഹനം രാഷ്‌ട്രീയം വിശദീകരിച്ചു. വേദിയിലെ നന്ദി പ്രസംഗത്തിനുശേഷം വഴിയരികിൽ കൂടിയ ഓരോരുത്തരോടും വോട്ടഭ്യർഥിച്ചായിരുന്നു സ്ഥാനാർഥിയുടെ മടക്കം. ഏച്ചോം, അഞ്ചുകുന്ന്, തരുവണ, മക്കിയാട്, കോറോം, വാളാട്, പേരിയ, തലപ്പുഴ, പിലാക്കാവ്, മാനന്തവാടി ഗാന്ധിപാർക്ക് എന്നിവിടങ്ങളിലൂടെയെല്ലാം സ്‌നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങിയ പര്യടനം നാലാം മൈലിൽ സമാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ സി കെ ശശീന്ദ്രൻ, സെക്രട്ടറി പി പി സുനീർ എംപി, പി സന്തോഷ്‌കുമാർ എംപി, സിപി‌ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി പി മുരളി, ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സി കെ ആശ എംഎൽഎ, പി വി സഹദേവൻ, എ എൻ പ്രഭാകരൻ, പി കെ സുരേഷ്, എ ജോണി, പി ടി ബിജു, വി കെ ശശിധരൻ, ജസ്റ്റിൻ ബേബി, ഷാജി ചെറിയാൻ, കുര്യക്കോസ് മുള്ളൻമാട, പി എം ഷബിറലി, കെ പി ശശികുമാർ, മൊയ്തു കുന്നുമ്മൽ, നിഖിൽ പത്മനാഭൻ, കെ മുരളീധരൻ, എം ടി ഇബ്രാഹിം എന്നിവരും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.   Read on deshabhimani.com

Related News