കോൺഗ്രസിനെ ന്യായീകരിക്കാൻ
മുസ്ലിംലീഗ്‌ വന്നില്ല



  കൽപ്പറ്റ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്‌ പഴകിയ ഭക്ഷ്യക്കിറ്റ്‌ വിതരണംചെയ്‌തത്‌ വിവാദമായപ്പോൾ കോൺഗ്രസിനൊപ്പം നിൽക്കാതെ മുസ്ലിംലീഗ്‌. സംസ്ഥാനമാകെ ചർച്ചചെയ്‌ത വിഷയത്തിൽ മുസ്ലിംലീഗ്‌ നേതാക്കളുടെ പ്രതികരണമൊന്നുമുണ്ടായില്ല.  നവംബർ ഏഴിനാണ്‌ മേപ്പാടി പഞ്ചായത്തിൽനിന്ന്‌ വിതരണംചെയ്‌തത്‌ പഴകിയ ഭക്ഷ്യക്കിറ്റാണെന്ന വിവരം പുറത്തുവന്നത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകർ മേപ്പാടി പഞ്ചായത്ത്‌ ഓഫീസും മേപ്പാടിയിലെ വിതരണകേന്ദ്രവും ഉപരോധിക്കുമ്പോൾ ടി സിദ്ദിഖ്‌ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ കലക്ടറേറ്റിൽ എത്തി ബഹളമുണ്ടാക്കുകയായിരുന്നു. മന്ത്രിമാരും ജില്ലാ അധികൃതരുമാണ്‌ ഉത്തരവാദിയെന്നും സർക്കാരാണ്‌ പഴകിയ കിറ്റ്‌ നൽകിയതെന്നുമായിരുന്നു ആക്ഷേപം.  അടുത്തദിവസം ഭക്ഷ്യക്കിറ്റിലെ പഴകിയ ഭക്ഷ്യവസ്‌തുക്കൾ കഴിച്ച മൂന്ന്‌ കുട്ടികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റു.  സിദ്ദിഖിന്റെ വാക്കുകൾ വിശ്വസിച്ച്‌ പാലക്കാട്ട്‌ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും സർക്കാരിനെതിരെ തിരിഞ്ഞു. എന്നാൽ മുസ്ലിംലീഗ്‌  നേതാക്കൾ വയനാട്ടിലെത്തിയിട്ടും കോൺഗ്രസിന്റെ വാദം ഏറ്റെടുത്തില്ല. സംഭവത്തിനുത്തരവാദി മേപ്പാടി പഞ്ചായത്തും കോൺഗ്രസുമാണെന്ന്‌ വ്യക്തമായതോടെ, ന്യായീകരിക്കാനോ കോൺഗ്രസിനെ രക്ഷിക്കാനോ ലീഗ്‌ നേതാക്കൾ രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമാണ്‌.   Read on deshabhimani.com

Related News