വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത്‌ 
ലീഗ്: പി ജയരാജൻ

സിപിഐ എം നേതാക്കള്‍ വഖഫ് ബോർഡ് നോട്ടീസ് ലഭിച്ച കുടുംബാം​ഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍


മാനന്തവാടി    വഖഫ് ബോർഡ് ഭൂമി അന്യാധീനപ്പെടുത്താൻ കാരണക്കാർ മുസ്ലിംലീഗാണെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പറഞ്ഞു. തലപ്പുഴയിൽ വഖഫ് ബോർഡ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡ് നിലവിൽ വന്നശേഷം അതിന്റെ നിയന്ത്രണം  ഏറിയകാലവും മുസ്ലിംലീഗിനായിരുന്നു. വഖഫ് ചെയ്യപ്പെട്ട ഭൂമി കൈമാറ്റം ചെയ്യാൻ അവകാശമില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഇത് വ്യക്തമാക്കിയിട്ടുണ്ട്.  കേരളത്തിലുടനീളം വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ട്.  ലീഗിന്റെ നിയന്ത്രണത്തിലുള്ള ബോർഡാണ് വഖഫിന്‌ സംസ്ഥാനത്തുടനീളമുള്ളത്. അതുകൊണ്ടുതന്നെ അന്യാധീനപ്പെട്ട വഖഫ് ഭൂമിക്ക് ഉത്തരവാദിത്വം ലീഗിനാണ്. വഖഫ് ചെയ്യപ്പെട്ട ഭൂമിയിൽ പല കാരണത്താലും കൈയേറ്റവും വിൽപ്പനയും നടന്നിട്ടുണ്ട്.    തലപ്പുഴയിലേത് നിലവിലുള്ള കൈവശക്കാർ പണംകൊടുത്ത്‌ വാങ്ങിയതാണ്. വഖഫ് നിയമപ്രകാരം അങ്ങനെ കൈമാറ്റം ചെയ്യാൻ പാടില്ല. കൈവശക്കാരോട്‌ നികുതി അടയ്‌ക്കാൻ പറയാൻ സംസ്ഥാന സർക്കാരിന്‌ അധികാരമില്ലെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതാണ്. മുപ്പതിലേറെ വർഷക്കാലം കൈവശംവച്ച്‌ വീടുവച്ച് താമസിക്കുന്നവർക്കാണ് വയനാട്ടിൽ നോട്ടീസ് ലഭിച്ചിട്ടുള്ളത്. കൈവശക്കാർക്കൊപ്പമാണ് സിപിഐ എം. രാഷ്ട്രീയ മുതലെടുക്കാൻ ബിജെപിയെ അനുവദിക്കില്ല.  കൊട്ടിയൂർ ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട് മുമ്പ് സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. 1962ൽ എ കെ ജിയും കമ്യൂണിസ്റ്റ് പാർടിയും  കൈവശക്കാർക്കൊപ്പമായിരുന്നു. കൈവശക്കാർക്ക്‌ ഭൂമിയുടെ മേലുള്ള അവകാശം സ്ഥിരപ്പെടുത്തിക്കൊടുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. അത് സർക്കാർ പരിഗണിക്കും.  മുനമ്പം വിഷയത്തിൽ ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും ജയരാജൻ പറഞ്ഞു.   Read on deshabhimani.com

Related News