കാലം തെറ്റിയ മഴ; കൊയ്‌ത്ത്‌ പ്രതിസന്ധിയിൽ

. വിളഞ്ഞുകിടക്കുന്ന നെൽപ്പാടം


-----------------------------------------------------------------------------------------------------------സ്വന്തം ലേഖകൻ പുൽപ്പള്ളി  കാലം തെറ്റി പെയ്യുന്ന മഴയിൽ പ്രതിസന്ധിയിലായി നെൽ കർഷകർ.  വിളഞ്ഞ നെല്ല് കൊയ്തെടുക്കാനാകുന്നില്ല. വീട്ടിമൂല പാടശേഖരസമിതിയുടെ 40 ഏക്കറോളം വയലിൽ നെല്ല്‌ കൊയ്‌ത്തിന്‌ പാകമായി. വിളഞ്ഞുനിൽക്കുകയാണ്. കൊയ്‌ത്താരംഭിച്ച  കർഷകർ കൂടുതൽ പ്രതിസന്ധിയിലായി.  മഴയായതോടെ  വയലിൽനിന്ന്‌ കറ്റ വാരാൻ സാധിക്കാതെ കുതിർന്ന്‌ കിടക്കുകയാണ്‌.     പാൽത്തൊണ്ടി, വലിച്ചൂരി തുടങ്ങിയ ഇനം നെല്ലാണ്  കൃഷി ചെയ്തിട്ടുളളത്. അതിനാൽ തന്നെ മഴ പെയ്താൽ ഇവ വീണുപോകും.  വയലിൽ വെള്ളമുള്ളതിനാൽ കൊയ്ത്ത് മെതിയന്ത്രം ഇറക്കാനും  സാധിക്കുന്നില്ല. വീണുപോയവ വയലിൽനിന്നെടുത്താൽ മഴ കാരണം കളങ്ങളിൽ സൂക്ഷിക്കുവാനും കഴിയില്ലെന്ന്‌ കർഷകർ പറഞ്ഞു.     ഒരുവർഷത്തോളം കഷ്ടപ്പെട്ട് സംരക്ഷിച്ചുവളർത്തിയ നെല്ലാണ്‌  കൊയ്തെടുക്കാനാവാതിരിക്കുന്നത്‌. ചെറിയ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും വിളവെടുപ്പിന് സാരമായി ബാധിച്ചിരിക്കുകയാണ്. നാൽപ്പതോളം ഏക്കറിൽ കൃഷി ചെയ്യുന്നതിന് ഏറുമാടങ്ങൾ നിർമിച്ച് രാവും പകലും കാവൽ കിടന്നാണ് വന്യമൃഗങ്ങളിൽനിന്ന്‌ നെൽകൃഷി കർഷകർ സംരക്ഷിക്കുന്നത്‌. സമീപത്തെ കാടുകളിൽനിന്നിറങ്ങുന്ന പന്നി, മാൻ, കുരങ്ങ്, മയില് തുടങ്ങിയവ വലിയതോതിൽ കൃഷി നശിപ്പിക്കുന്നതിനിടയിലാണ്‌ നെല്ല്‌ കൊയ്യാനാകാത്ത പ്രതിസന്ധിയെന്നും  പാടശേഖരസമിതി പ്രസിഡന്റ്‌ ബേബി കൈനിക്കൊടിയിൽ പറഞ്ഞു.    Read on deshabhimani.com

Related News