ഭാഷാതിർത്തികൾ മറയുന്നു; വോട്ടെടുപ്പാവേശത്തിൽ
ബാവലി വോട്ടെടുപ്പെത്തുമ്പോൾ ബാവലിയുടെ അതിരടയാളവും ഭാഷവെെവിധ്യവും മറയും. പിന്നെ നിറയുന്നത് വീറും വാശിയും മാത്രം. കർണാടകയോട് അതിരുപങ്കിടുന്ന അതിർത്തി ഗ്രാമങ്ങളിലും സമ്മതിദാനം വിനിയോഗിക്കാൻ വോട്ടർമാരുടെ തിരക്ക്. സ്ത്രീകളുൾപ്പെടെയുള്ളവർ ബൂത്തുകളിൽ നേരത്തെ എത്തി വരിയിൽ കാത്തുനിന്നു. പുഴയുടെ അതിർവരമ്പുമാത്രമുള്ള ബാവലിയിലെ പോളിങ് സ്‌റ്റേഷനിൽ പതിവുപോലെ രാവിലെത്തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വനവും കർണാടകയും അതിർത്തിയാവുന്ന ബാവലി ഗവ. യുപി സ്കൂളിലാണ് അതിർത്തി ഗ്രാമത്തിലുള്ളവർ വോട്ട് ചെയ്യാൻ എത്തിയത്. കർണാടകവുമായി അടിവേരുള്ള ഗൗഡന്മാർ താമസിക്കുന്ന പ്രദേശം എന്ന പ്രത്യേകത ബാവലിയ്ക്കുണ്ട്. വർഷങ്ങൾക്ക് മുമ്പ് കർണാടകത്തിൽനിന്ന് കുടിയേറിയവരാണ് ഗൗഡന്മാർ. ഇവർ തൊഴിലാവശ്യത്തിനായി ദിവസവും കർണാടകത്തിലെ വിവിധ നഗരങ്ങളുമായി ബന്ധപ്പെടുന്നവരാണ്. കൃഷിയും കച്ചവടവുമാണ് ഇവരുടെ പ്രധാന ജീവിതമാർഗം. താമസം കേരളത്തിലാണെങ്കിലും ജീവിതത്തിന്റെ പ്രധാന സമയവും കർണാടകയുമായി ബന്ധം പുലർത്തുന്നു എന്ന സവിശേഷതയുണ്ട്. വീടുകളിൽ ഇപ്പോഴും കന്നഡ സംസാരിക്കുന്നവരാണിവർ. കർണാടകയിൽ നിന്നെത്തി സ്ഥിരതാമസമാക്കിയ 42 ബേഡഗൗഡ കുടുംബങ്ങളാണ് ബാവലിയിലുള്ളത്. നൂറ്റി ഇരുപതിലധികം പേരാണ് വോട്ടർമാരായുള്ളത്. വിവിധയിടങ്ങളിൽ ജോലിക്ക് പോയവരെല്ലാം അവധിയെടുത്ത് വോട്ട് രേഖപ്പെടുത്താൻ നേരത്തെ എത്തിയിട്ടുണ്ട്. കോഴിക്കോട് മിംസ് ആശുപത്രിക്കരികിലെ ബേക്കറിയിലെ ജീവനക്കാരനായ ബാവലി സ്വദേശിയായ അനീഷും സുഹൃത്തുക്കളും നാട്ടിലെ വോട്ടെടുപ്പ് ആഘോഷമാക്കാൻ ഒരാഴ്‌ച മുമ്പ് ലീവെടുത്ത് എത്തിയതാണ്. എഴുപത് ശതമാനവും പട്ടിക വർഗ വിഭാഗക്കാരുള്ള ബൂത്താണ് തിരുനെല്ലി പഞ്ചായത്തിലെ ബാവലി. 1226 വോട്ടർമാരാണ് ഇവിടെയുള്ളത്. 89 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിങ്. കന്നടയും മലയാളവും അറിയുന്ന അങ്കണവാടി വർക്കറായ പി സി വത്സലയാണ് ഇവിടുത്തെ ബൂത്ത് ലെവൽ ഓഫീസർ. മലയാളം അറിയാത്തവർക്കും വോട്ട് ചെയ്യാനുള്ള എല്ലാ സഹായവും ഇവർ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ പ്രധാന്യമുള്ള ബൂത്തായതിനാൽ സിആർപിഎഫിന്റെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. Read on deshabhimani.com