എങ്ങും പ്രചാരണ ആവേശം ചുവപ്പണിഞ്ഞ് ബത്തേരി
ബത്തേരി ബത്തേരിയിൽ 21 മുതൽ 23വരെ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കം അവസാനഘട്ടത്തിൽ. സമ്മേളനത്തിന് ഒരാഴ്‌ചമാത്രം ശേഷിക്കെ നാടെങ്ങും സമ്മേളനവിജയത്തിനായുള്ള ആവേശത്തിമിർപ്പിലാണ്. ബത്തേരി ഏരിയയിൽ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം സമ്മേളനത്തെ വരവേൽക്കാൻ ചെങ്കൊടികളാലും തോരണങ്ങളാലും അണിഞ്ഞൊരുങ്ങി. ബത്തേരിയിലെങ്ങും പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളും നിറഞ്ഞു. ബ്രാഞ്ചുകളിൽ സംഘാടകസമിതി നേതൃത്വത്തിൽ പാർടി ചരിത്രം വിളിച്ചോതുന്ന അലങ്കരിച്ച പ്രചാരണക്കുടിലുകൾ നിർമിച്ചു. സമ്മേളനത്തിന്റെ പ്രചാരണാർഥം നാടിന്റെ വൈവിധ്യങ്ങളായ വിഷയങ്ങൾ മുൻ നിർത്തിയുള്ള സെമിനാറുകൾ പുരോഗമിക്കുകയാണ്. ഫുട്‌ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ് തുടങ്ങി വിവിധ കായികമത്സരങ്ങളും കവിയരങ്ങും നാടൻപാട്ടും ചലച്ചിത്രഗാന മത്സരവുമെല്ലാമടങ്ങിയ കലാ സാംസ്‌കാരിക പരിപാടികളും സമ്മേളന ഒരുക്കത്തെ സമ്പന്നമാക്കുന്നു. സെമിനാറുകൾ തുടങ്ങി: നാളെ നിരവിൽ പുഴയിലും പൊഴുതനയിലും സമ്മേളനത്തിന്റെ പ്രചാരണാർഥം ജില്ലയിലെ എല്ലാ ഏരിയകളിലും സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മീനങ്ങാടിയിൽ വനിതാ സെമിനാറും പുൽപ്പള്ളിയിൽ കാർഷിക സെമിനാറും നടത്തി. ഞായറാഴ്‌ച നിരവിൽ പുഴയിൽ "വയനാട്ടിലെ ആദിവാസി പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ പത്തിന് നിരവിൽ പുഴ എയുപി സ്‌കൂളിൽ മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനംചെയ്യും. കോഴിക്കോട് സർവകലാശാല ചരിത്രവിഭാഗം തലവൻ പി ജെ വിൻസെന്റ് വിഷയം അവതരിപ്പിക്കും. ട്രേഡ് യൂണിയൻ സെമിനാറും ഞായറാഴ്‌ച നടക്കും. പൊഴുതനയിൽ വൈകിട്ട് നാലിന് "തൊഴിൽ മേഖലയിലെ പ്രതിസന്ധിയും മോദി സർക്കാരും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്യും. കെ ടി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. 16ന് വൈകിട്ട് നാലിന് മാനന്തവാടി ക്ഷീരസംഘം ഹാളിൽ "വന്യമൃഗശല്യം പരിഹാരമാർഗങ്ങൾ' വിഷയത്തിൽ സെമിനാർ നടക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യും. റിട്ട. എഎഫ്‌ഒ സജികുമാർ വിഷയാവതരണം നടത്തും. 17ന് പകൽ 3.30ന് പടിഞ്ഞാറത്തറ ബാണാസുര ഡാം പരിസരത്ത് "വയനാടിന്റെ ടൂറിസം മേഖല സാധ്യതകൾ' വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. 18ന് വൈകിട്ട് നാലിന് കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നടക്കുന്ന മാധ്യമ സെമിനാർ എം വി നികേഷ്‌കുമാർ ഉദ്‌ഘാടനംചെയ്യും. സിനിമാ ഗാനാലാപന മത്സരം ഇന്ന് സമ്മേളനത്തിന്റെ പ്രചാരണാർഥം ‘പി ഭാസ്‌കരൻ സിനിമാ ഗാനാലാപന ’മത്സരം ശനിയാഴ്‌ച. പകൽ രണ്ട് മുതൽ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് പരിപാടി. 15ന് ജില്ലയിലെ പ്രശസ്‌ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങും ഇതേ വേദിയിൽ അരങ്ങേറും. പകൽ രണ്ടിന് കവി വിഷ്‌ണുപ്രസാദ് ഉദ്‌ഘാടനംചെയ്യും. 17ന് വൈകിട്ട് സ്വതന്ത്ര മൈതാനിയിൽ ‘പാട്ടും വരയും കട്ടനും’ സാംസ്‌കാരിക സദസ്സും നടത്തും. Read on deshabhimani.com