കത്തിജ്വലിച്ച ആദിവാസി ഭൂസമരം
കൽപ്പറ്റ ഗോത്രവിഭാഗങ്ങളെ മണ്ണിന്റെ അവകാശികളാക്കാൻ നടത്തിയത് ഐതിഹാസിക പോരാട്ടങ്ങൾ. സിപിഐ എം നേതൃത്വത്തിൽ രൂപീകരിച്ച ആദിവസി ക്ഷേമസമിതിയാണ് (എകെഎസ്) ജില്ലയിൽ ആദിവാസി ഭൂസമരങ്ങൾ തുടങ്ങിയത്. 2001ൽ തിരുനെല്ലി പനവല്ലിയിലായിരുന്നു ആദ്യ സമരം. ഈ പ്രക്ഷോഭത്തിലൂടെ സി കെ ജാനുവിന്റെ അമ്മക്കുവരെ ഭൂമി കിട്ടി. എൽഡിഎഫ് സർക്കാരാണ് ഭൂമി പതിച്ചുനൽകിയത്. 2000 മാർച്ച് അഞ്ചിന് കൽപ്പറ്റയിലാണ് ആദിവാസി ക്ഷേമസമിതി രൂപീകരിക്കുന്നത്. സുന്ദരമാണിക്യം പ്രസിഡന്റും പി വി വേലായുധൻ സെക്രട്ടറിയുമായി സംസ്ഥാന കമ്മിറ്റി നിലവിൽവന്നു. കെ സി കുഞ്ഞിരാമൻ പ്രസിഡന്റും വി കേശവൻ സെക്രട്ടറിയുമായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പിന്നീട് സീത ബാലൻ ജില്ലാ പ്രസിഡന്റും പി വാസുദേവൻ സെക്രട്ടറിയുമായി. കെ സി കുഞ്ഞിരാമൻ സംസ്ഥാന പ്രസിഡന്റുമായി. എകെഎസ് നേതൃത്വത്തിൽ എണ്ണമറ്റ ഭൂസമരങ്ങളാണ് ജില്ലയിൽ നടന്നത്. അഡ്വ. പി ചാത്തുക്കുട്ടി ചെയർമാനും സി കെ ശശീന്ദ്രൻ കൺവീനറുമായി ഭൂസമരസഹായ സമിതി രൂപീകരിച്ചായിരുന്നു പ്രക്ഷോഭം. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി എ മുഹമ്മദ് അടക്കമുള്ള നേതാക്കൾ പ്രക്ഷോഭങ്ങൾക്ക് നേതൃത്വംകൊടുത്തു. ആയിരക്കണക്കിന് ആദിവാസികൾ ജയിലിലായി. നിക്ഷിപ്‌ത വനഭൂമി, റവന്യു ഭൂമി, മിച്ചഭൂമി എന്നിവയിൽ കുടിൽകെട്ടിയായിരുന്നു സമരം. 2002ൽ 19 കേന്ദ്രങ്ങളിൽ കുടിൽകെട്ടി. എ കെ ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ യുഡിഎഫ് സർക്കാർ പൊലീസ് നരനായാട്ടിലൂടെയാണ് സമരത്തെ നേരിട്ടത്. ആദിവാസികളെ ക്രൂരമായി മർദിച്ചു. കള്ളക്കേസിൽ കുടുക്കി. സ്ത്രീകളും കുട്ടികളുമടക്കം 1476 ആദിവാസികളെ അറസ്‌റ്റ് ചെയ്‌ത് കേരളത്തിലെ വിവിധ ജയിലുകളിൽ അടച്ചു. ഗർഭിണിയായ ശാന്ത മാസം തികയാതെ കണ്ണൂർ സെൻട്രൽ ജയിലിൽ പ്രസവിച്ചു. കുഞ്ഞ് മരിച്ചു. പിന്നീട് ശാന്തയും മരിച്ചു. പ്രായപൂർത്തിയാകാതെ കുട്ടികളെ ജയിലിൽ പാർപ്പിച്ചതിൽ ബാലാവകാശ കമീഷൻ ഇടപെട്ടു. ജയിൽമോചിതരായ ആദിവാസി കുടുംബങ്ങൾ വീണ്ടും സമരഭൂമിയിൽ പ്രവേശിക്കുകയും കുടിൽകെട്ടി സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയുംചെയ്‌തു. മുത്തങ്ങ സമരക്കാർക്കും ഭൂമി 2006ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഭൂരഹിതരായ ആദിവാസികൾ കുടിൽകെട്ടി താമസിക്കുന്ന ഭൂമിക്ക് കൈവശരേഖ നൽകി. അയ്യായിരത്തോളം കുടുംബങ്ങൾക്ക് ഭൂമിയും കൈവശരേഖയും ലഭിച്ചു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വീണ്ടും യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ ആദിവാസികൾ അവഗണിക്കപ്പെട്ടു. എകെഎസ് ഭൂസമരം തുടർന്നു. 2002ൽ യുഡിഎഫ് സമരത്തോട് സ്വീകരിച്ച അതേ നിലപാടായിരുന്നു വീണ്ടും. സമരം ചെയ്യുന്നവരെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു. 1359 ആദിവാസികളെയാണ് മൂന്നാംഘട്ട സമരത്തിൽ കുടിലുകൾ തകർത്ത് ജയിലിലടച്ചത്. പിണറായി വിജയൻ സർക്കാർ മുത്തങ്ങ സമരത്തിൽ പങ്കെടുത്ത മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകി. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായാണ് ഭൂവിതരണം പൂർത്തിയാക്കിയത്. 37 പേർക്ക് ഒരേക്കർ വീതമാണ് മൂന്നാം നൂറുദിനത്തിൽ നൽകിയത്. സമരംചെയ്‌ത 283 പേർക്കാണ് ആകെ ഭൂമി ലഭിച്ചത്. ഇതിൽ 23 കുടുംബങ്ങൾ ഒഴികെയുള്ളവർക്ക് ഭൂമിനൽകിയത് ഒന്നും രണ്ടും പിണറായി സർക്കാരാണ്. Read on deshabhimani.com