ശ്രുതിയെ ആശുപത്രിയിൽ 
സന്ദർശിച്ച്‌ മന്ത്രി ഒ ആർ കേളു

കൽപ്പറ്റയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയെ മന്ത്രി ഒ ആർ കേളു സന്ദർശിക്കുന്നു


കൽപ്പറ്റ പ്രതിശ്രുത വരനായിരുന്ന ജെൻസനെയും നഷ്ടമായ ശ്രുതിയെ ആശുപത്രിയിൽ സന്ദർശിച്ച്‌ മന്ത്രി ഒ ആർ കേളു. വാഹനാപകടത്തിൽ പരിക്കേറ്റ്‌ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയെ ശനി രാവിലെ 10.30 ഓടെയാണ്‌ ആശുപത്രിയിൽ എത്തി കണ്ടത്‌. രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ശ്രുതിയെ ആശ്വസിപ്പിച്ചു. സർക്കാർ ഒപ്പമുണ്ടെന്ന്‌ അറിയിച്ചു.  ആണ്ടൂർ കുറിഞ്ഞലകത്തെത്തി ജെൻസന്റെ  വീടും സന്ദർശിച്ചു. മാതാപിതാക്കളായ ജയനും മേരിയും വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ആശ്വസിപ്പിച്ചു. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചാണ്‌ മടങ്ങിയത്‌. അമ്പലവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഹഫ്‌സത്തും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.   മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതുപേർ ഇല്ലാതായപ്പോൾ ശ്രുതിക്ക്‌ കൂട്ട്‌ പ്രതിശ്രുതവരനായിരുന്ന ജെൻസൻ മാത്രമായിരുന്നു.  കഴിഞ്ഞ 10ന്‌ ജെൻസനും ശ്രുതിയും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാൻ കൽപ്പറ്റ വെള്ളാരംകുന്നിന്‌ സമീപം സ്വകാര്യ ബസ്സുമായി  കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ രാത്രിയാണ്‌ മരിച്ചത്‌.  ഇരുകാലുകൾക്കും പരിക്കേറ്റ ശ്രുതിയെയും ശസ്‌ത്രക്രിയക്ക്‌ വിധേയയാക്കി. ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ജെൻസന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച്‌ ശ്രുതിയെ കാണിച്ചശേഷമാണ്‌ സംസ്‌കരിച്ചത്‌.      Read on deshabhimani.com

Related News