‘മോദി ഞങ്ങളും ഇന്ത്യക്കാരാണ് ’
കൽപ്പറ്റ ദുരന്തബാധിതരോടുള്ള കേന്ദ്രത്തിന്റെ ക്രൂരതക്കെതിരെ ജ്വലിച്ച് നാടിന്റെ പ്രതിഷേധം. മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ നൈറ്റ് മാർച്ചും പ്രതിഷേധ സംഗമവും വയനാടിന്റെയാകെ ശബ്ദമായി. വയനാടിന് പ്രത്യേക സഹായം നിഷേധിച്ചതിനെതിരെക്കൂടിയുള്ള മാർച്ചിൽ നൂറുകണക്കിനുപേർ തീപ്പന്തങ്ങളുമായി അണിചേർന്നു. "മിസ്‌റ്റർ മോദി ഞങ്ങളും മനുഷ്യരാണ്' എന്ന മുദ്രവാക്യമുയർത്തി കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നടത്തിയ പ്രക്ഷോഭത്തിൽ പ്രതിഷേധാഗ്നി ആളി. വിങ്ങുന്ന മനസ്സോടെ സംഗമത്തിലേക്ക് ദുരന്തബാധിതരുമെത്തി. ദുരന്തമുഖത്തെത്തി ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനമന്ത്രിയുടെ കാപട്യവും കേരളത്തോടുള്ള രാഷ്‌ട്രീയ വിവേചനവും പ്രതിഷേധത്തിൽ തുറന്നുകാട്ടി. മുന്നൂറോളംപേർ മരിച്ച ദുരന്തത്തിൽ 1202 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നാളിതുവരെയും ഒരു സഹായവും കേന്ദ്രം നൽകിയില്ല. കേന്ദ്രം അവഗണിക്കുമ്പോഴും കേരളം ഇവരെ ചേർത്തുപിടിക്കുകയാണ്. ഇതുവരെ 15 കോടിയോളം രൂപ സഹായം നൽകി. സ്ഥിരം പുനരധിവാസത്തിന് സ്ഥലം വിലകൊടുത്ത് വാങ്ങുന്നതുൾപ്പെടെയുള്ള നടപടികളുമായി മുമ്പോട്ടുപോകുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ പ്രഹരം. ബത്തേരിയിൽ എൽഡിഎഫ് പ്രതിഷേധമാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാ അസി. സെക്രട്ടറി പി എം ജോയി അധ്യക്ഷനായി. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ ജെ ദേവസ്യ, കെ എ ചന്തു, എം കെ ബാലൻ, കെ വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം ചെയർമാൻ വി വി ബേബി സ്വാഗതം പറഞ്ഞു. സുരേഷ് താളൂർ, പി വാസുദേവൻ, പി ആർ ജയപ്രകാശ്, എം എസ് സുരേഷ്‌ബാബു, എൻ പി കുഞ്ഞുമോൾ, ബീനാ വിജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, സി എം സുധീഷ്, അനൂപ് ജോജോ, ടോം ജോസ് എന്നിവർ നേതൃത്വംനൽകി. മാനന്തവാടിയിൽ നൈറ്റ് മാർച്ചിൽ നിരവധി പേർ പങ്കാളികളായി. വയനാടിനെ അവഗണിച്ച മോദി സർക്കാരിനെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യങ്ങൾ മാർച്ചിലുയർന്നു. എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി മാനന്തവാടി ഗാന്ധിപാർക്കിൽ അവസാനിച്ചു. എൽഡിഎഫ് നേതാക്കളായ എ എൻ പ്രഭാകരൻ, പി കെ സുരേഷ്, പി ടി ബിജു, എ ജോണി, വി കെ ശശിധരൻ, എം റെജീഷ്, ശോഭ രാജൻ, കുര്യാക്കോസ് മുള്ളൻമട, എൻ യു ജോൺ, മൊയ്തു കുന്നുമ്മൽ, പി എം ഷെബീറലി, നിഖിൽ പത്മനാഭൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. കൽപ്പറ്റയിൽ എൽഡിഎഫ് പ്രതിഷേധമാർച്ച് പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ചു. എച്ച്‌ഐഎംയുപി സ്‌കൂൾ പരിസരത്ത് നടന്ന പ്രതിഷേധ സംഗമം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ കെ ഹംസ, സി എം ശിവരാമൻ, ഷാജി ചെറിയാൻ, എം ടി ഇബ്രഹിം, എ ശ്രീധരൻ, വിശ്വനാഥൻ, ഡി രാജൻ, എം സെയ്‌ദ്, വി ഹാരിസ് എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ് സ്വാഗതം പറഞ്ഞു. Read on deshabhimani.com