പള്ളിത്താഴെ -മൈതാനി റോഡിൽ ദുരിതയാത്ര
കൽപ്പറ്റ നഗരസഭയിലെ പ്രധാന റോഡായ പള്ളിത്താഴെ -മൈതാനി റോഡിലൂടെയുള്ള യാത്ര ദുഷ്കരം. ഒരു കിലോമീറ്ററോളമുള്ള റോഡിന്റെ തുടക്കം മുതൽ അവസാനം വരെ ഇടവിട്ട് കുഴികളാണ്. തകർന്ന് തരിപ്പണമായ റോഡിലൂടെ യാത്രചെയ്ത് ജനങ്ങൾ മടുത്തു. ഗർത്തങ്ങളിലിറക്കാതെ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ സാധിക്കില്ല. മഴപെയ്താൽ റോഡിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകും. കുഴികളിലെല്ലാം വെള്ളം നിറയും. വഴുതിയും മറിഞ്ഞുവീഴാൻ പോയും അപകടസാധ്യതയും വർധിക്കും. കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവായി. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ അപകടഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. വെള്ളം നിറഞ്ഞ കുഴികളിൽ ഇരുചക്രവാഹനങ്ങൾ ആഴമറിയാതെ വീണ് അപകടവുമുണ്ടായി. വിദ്യാർഥികൾ കാൽനടയായും നിരവധി സ്കൂൾ ബസുകളും ഇതുവഴിയാണ് യാത്ര ചെയ്യുക. ജനവാസമേഖലയായതിനാൽ സ്വകാര്യ വാഹനങ്ങളുടെയും പ്രധാനപാതയാണ്. പടിഞ്ഞാറത്തറ റോഡ്, മുണ്ടേരി, ആനപ്പാലം, എമിലി, എസ്‌പി ഓഫീസ്, നഗരസഭ എന്നിവിടങ്ങളിലേക്കെല്ലാമുള്ള പ്രധാന പാതയാണിത്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പാത ഉപയോഗിക്കുന്നുണ്ട്. സ്ഥിരമായി ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് കേടുപാടുണ്ടാകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ സ്പിൽ ഓവറായ ഏഴ് ലക്ഷം രൂപയും 2024–--2025 വാർഷിക പദ്ധതിയിൽ അനുവദിച്ച 15 ലക്ഷം രൂപയും ചേർത്ത് റോഡ് നന്നാക്കുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ടെൻഡർ നടപടികൾക്കും സമയമെടുക്കും. റോഡ് നന്നാക്കുന്നതുവരെയെങ്കിലും ആനപ്പാലം വൺവേ സംവിധാനം ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ദുർഘടയാത്രയ്ക്ക് പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Read on deshabhimani.com