നഗരസഭ ചുറ്റുമതിൽ പൊളിച്ചുനീക്കി സുരക്ഷിതമല്ലാതെ മുണ്ടേരി അങ്കണവാടി
കൽപ്പറ്റ ചുറ്റുമതിൽ പൊളിച്ചുനീക്കി ടൗണിന് നടുവിൽ മാസങ്ങളോളം അങ്കണവാടി പ്രവർത്തിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച് നഗരസഭ. മുണ്ടേരിയിലെ അങ്കണവാടിയിൽ ചാക്കുകൊണ്ട് മറയുണ്ടാക്കിയാണ് കുട്ടികൾക്ക് സംരക്ഷണം. ജൂലൈ അവസാനം ചുറ്റുമതിൽ പൊളിച്ചുനീക്കിയതോടെയാണ് പ്രധാന റോഡും അങ്കണവാടിയുമെല്ലാം ഒന്നായി മാറിയത്. മുണ്ടേരി അങ്ങാടിയിൽനിന്ന് മിച്ചഭൂമിയിലേക്ക് പോകുന്നിടത്തെ മതിലിന്റെ ഭാഗം തകർന്നതോടെ നഗരസഭ ചുറ്റുമതിൽ പൂർണമായും പൊളിക്കുകയായിരുന്നു. ബലമുള്ള ഭാഗമുൾപ്പെടെ പൊളിച്ചുനീക്കിയപ്പോൾ ഉടൻ പുതിയത് പണിയുമെന്നായിരുന്നു ഉറപ്പ്. നിർമാണത്തിനുള്ള സാങ്കേതിക അനുമതി നൽകാൻപോലും തയ്യാറായിട്ടില്ല. കൗൺസിൽ യോഗങ്ങളിൽ വാർഡ് കൗൺസിലർ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും മുഖംതിരിക്കുകയാണ് നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ. വാഹനത്തിരക്കുള്ള റോഡിനോട് ചേർന്ന അങ്കണവാടിയിൽ നിന്നും കുട്ടികൾ പുറത്ത് പോകാൻ സാധ്യതയുള്ളതിനാൽ മുഴുവൻ സമയവും വാതിൽഅടച്ചു പൂട്ടിയാണ് പ്രവർത്തനം. തെരുവുനായകളുടെ ഉൾപ്പെടെ ശല്ല്യവും രൂക്ഷമാണ്. 18 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ശ്രദ്ധതെറ്റിയാൽ കുട്ടികൾ പുറത്തുപോകുന്ന സ്ഥിതിയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. ചുറ്റുമതിൽ തകർന്നശേഷം പല രക്ഷിതാക്കളും കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാനും തയ്യാറാകുന്നില്ല. ശുചിമുറിയടക്കം പ്രധാന കെട്ടിടത്തിന് പുറത്തായതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പാടുപെടുകയാണ് വർക്കറും ഹെൽപ്പറും. Read on deshabhimani.com