സമൂഹമാധ്യമങ്ങളിലെ ഇടതുപക്ഷ 
ഇടപെടലുകൾ ശക്തമാക്കണം

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ എം വി നികേഷ്‌കുമാർ സംസാരിക്കുന്നു


കൽപ്പറ്റ  മുഖ്യധാരാ മാധ്യമങ്ങൾ ഇടതുപക്ഷത്തിനെതിരെ മാത്രമല്ല, കേരളത്തിന്റെ നന്മനിറഞ്ഞ സാമൂഹ്യജീവിതത്തിനും സാംസ്‌കാരിക ഉയർച്ചക്കും എതിരായാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ മാധ്യമപ്രവർത്തകൻ എം വി നികേഷ്‌കുമാർ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതേതരത്വവും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലത്താണ്‌ മാധ്യമങ്ങൾ ഈ രീതി അവലംബിക്കുന്നത്‌. കേരളത്തിൽ മുഖ്യധാരാ മാധ്യമങ്ങളുമായും ഓൺലൈൻ മാധ്യമങ്ങളുമായും ചേർന്ന്‌ യുഡിഎഫ്‌ മഹാമുന്നണി രൂപീകരിച്ചിരിക്കുകയാണ്‌. തീവ്ര മുസ്ലിം വിരോധം വിളമ്പുന്ന ഓൺലൈൻ മാധ്യമങ്ങളെയും തീവ്ര മുസ്ലിം നിലപാട്‌ സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയുമെല്ലാം ഒരേ ചിറകിലാക്കിയാണ്‌ മഹാമുന്നണിയുടെ പ്രചാരണം. മതമൗലികവാദികളെയും തീവ്ര ഹിന്ദുത്വവാദികളെയും  തീവ്ര ഇസ്ലാമിക വാദികളെയുമെല്ലാം പാലൂട്ടുന്നവരായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും മാറി.     2024ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ മുഖ്യധാരാ മാധ്യമങ്ങൾ കർഷകരെയും തൊഴിലാളികളെയും കൈവിട്ട്‌ കോർപറേറ്റുകൾക്ക്‌ പിന്നാലെ പോയപ്പോൾ സമൂഹമാധ്യമങ്ങളാണ്‌ സാധാരണക്കാരായ ഇവരെയെല്ലാം ചേർത്തുനിർത്തിയതും ഒരുപരിധിവരെ ഹിന്ദുത്വ ഫാസിസത്തിന്‌ തടയിട്ടതും. കോർപറേറ്റ്‌ വർഗത്തിന്‌ അടിമപ്പെട്ട  മുഖ്യധാരാ മാധ്യമങ്ങളോട്‌ പരാതിയും പരിവേദനവും നടത്തിയിട്ട്‌ കാര്യമില്ല. പുതിയ കാലത്ത്‌ സാങ്കേതിക വൈദഗ്‌ധ്യത്തിലൂടെ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച്‌  മുന്നേറാൻ ഇടതുപക്ഷത്തിന്‌ കഴിയണമെന്നും നികേഷ്‌ പറഞ്ഞു.  സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, കെ റഫീഖ്‌ എന്നിവർ സംസാരിച്ചു. പി കെ ബാബുരാജ്‌ സ്വാഗതവും പി ജി സതീഷ്‌ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News