വികസന പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനം വേഗത്തിലാക്കണം



കൽപ്പറ്റ ജില്ലയിലെ വികസന പദ്ധതികളുടെ തുടർ പ്രവർത്തനം വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.  എഡിഎം കെ ദേവകിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. ദേശീയപാത വികസന  പ്രവൃത്തി വേഗത്തിലാക്കണമെന്നും യോഗം നിർദേശിച്ചു. ദേശീയപാത നാലുവരിയാക്കാനുള്ള തടസ്സം നീക്കാൻ മന്ത്രി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. കൈനാട്ടി ജങ്ഷൻ മുതൽ കൽപ്പറ്റ ബൈപാസ് ജങ്ഷൻ വരെയുള്ള ദേശീയപാത വികസന സ്ഥലമെടുപ്പ് നടപടി സംബന്ധിച്ചും ചർച്ചചെയ്യും. പട്ടികവർഗ വിഭാഗക്കാർക്ക് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ നിർമിച്ച് നൽകുന്ന വീടുകൾക്ക് നമ്പർ ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാൻ ടിഡിഒമാർ നൽകിയ റിപ്പോർട്ട് ചർച്ചചെയ്യാൻ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ യോഗംചേരാൻ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർക്ക് നിർദേശംനൽകി.   ഗോത്ര മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്  തടയാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും   കലക്ടർ സെക്രട്ടറിയും ഡിഡി എഡ്യൂക്കേഷൻ കൺവീനറുമായിട്ടുള്ള കമ്മിറ്റി മൂന്നാഴ്ച കൂടുമ്പോൾ ചേരണമെന്നും യോഗം നിർദേശിച്ചു.    മനുഷ്യ-–-വന്യജീവി സംഘർഷം: ഡിപിആർ പരിഷ്‌കരിക്കും മനുഷ്യ-–-വന്യജീവി സംഘർഷ ലഘൂകരണത്തിന് തയ്യാറാക്കിയ ഡിപിആർ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് ഉചിതമായ മാറ്റങ്ങൾ വരുത്തി  പരിഷ്‌കരിക്കാൻ ഡിഎഫ്ഒക്ക് നിർദേശം നൽകി. വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നറിയിപ്പ്‌ ജനങ്ങൾക്ക് നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനം ഉണ്ടാകണമെന്ന് യോഗം നിർദേശിച്ചു. വനാന്തരങ്ങളിലെ റോഡിന് ഇരുവശവുമുള്ള അടിക്കാട് വെട്ടുന്നതിനും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ പ്രവർത്തന രഹിതമായ വിളക്കുകൾ അറ്റകുറ്റപ്പണി നടത്താൻ നടപടികൾ ത്വരിതപ്പെടുത്തണം. പടിഞ്ഞാറത്തറ –-പൂഴിത്തോട് റോഡ് നിർമാണത്തിന്റെ സാധ്യതാ പഠനത്തിന് അനുമതിനൽകാൻ കാലതാമസം വരുത്തരുതെന്ന് വനം വകുപ്പിനോട് യോഗം നിർദേശിച്ചു.   റെയിൻഗേജ് സിസ്റ്റം 
നടപ്പാക്കാൻ ശുപാർശ മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ വാർഡുകളിലും റെയിൻഗേജ് സിസ്റ്റം നടപ്പാക്കാൻ ജില്ലാ വികസന സമിതി ശുപാർശചെയ്യും. ഇതിനായി പ്രത്യേക യോഗങ്ങൾ ചേർന്ന് ജില്ലാതലത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ടി സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു. തുർക്കി ജീവൻ രക്ഷാസമിതിക്ക് കെട്ടിടം നിർമിക്കാൻ സർക്കാർ അനുമതിക്ക് ജില്ലാ വികസന സമിതിയുടെ ഇടപെടൽ ഉണ്ടാകണം. ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകൾ തുറക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണം. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ സർവകക്ഷികൾ,  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ  യോഗം ചേരണം. ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ അഞ്ചോ ആറോ സ്ഥലങ്ങളിൽ മഴമാപിനി സ്ഥാപിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഡാർജിലിങ് മോഡൽ സംവിധാനത്തിന് എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്നും സംവിധാനത്തിലൂടെ ജില്ലയിലെ ഏത് സ്ഥലത്തും ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായും രേഖപ്പെടുത്താനാകും. ഇതിനായി പ്രത്യേക ശിൽപ്പശാലകൾ സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യോഗത്തിൽ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ മൗനം ആചരിച്ചു. സബ് കലക്ടർ മിസാൽ സാഗർ ഭരത്, പ്ലാനിങ് ഓഫീസർ പ്രശാന്തൻ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News