എസ്റ്റേറ്റ് ഗോഡൗണിലെ കവർച്ച: 
സഹോദരങ്ങൾ പിടിയിൽ



കമ്പളക്കാട് എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചുകയറി ജോലിക്കാരന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവർന്ന കേസിൽ സഹോദരങ്ങളെ പൊലീസ് കോഴിക്കോട്ടുനിന്ന് പിടികൂടി. കോഴിക്കോട് പൂനൂർ കുറുപ്പിന്റെകണ്ടി പാലംതലക്കൽ വീട്ടിൽ അബ്ദുൾ റിഷാദ്(29), കെ പി നിസാർ(26) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. കവർച്ച നടത്തിയശേഷം കുന്നമംഗലം, പെരിങ്ങൊളത്ത് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലർച്ചെ വീടുവളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ  പൊലീസ് വലയിലാക്കി. 250- ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ്‌ പ്രതികൾ അറസ്‌റ്റിലായത്‌.     15ന് രാത്രി കമ്പളക്കാട് ചുണ്ടക്കര പൂളക്കൊല്ലിയിലെ എസ്റ്റേറ്റ് ഗോഡൗണിലാണ്‌  കവർച്ച നടന്നത്. അതിക്രമിച്ചുകയറി ജോലിക്കാരനെ കഴുത്തിൽ കത്തിവച്ച്  ഭീഷണിപ്പെടുത്തി കൈകൾ കെട്ടിയിട്ടായിരുന്നു കവർച്ച. 70 കിലോയോളം തൂക്കം വരുന്ന 43,000 രൂപയോളം വില മതിക്കുന്ന കുരുമുളകും  12,000 രൂപയോളം വില വരുന്ന കാപ്പിയുമാണ് ഇവർ കവർന്നത്.  ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമാതാരിയുടെ  നിർദേശപ്രകാരം കൽപ്പറ്റ ഡിവൈഎസ്‌പി ബിജുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചു.  കമ്പളക്കാട് ഇൻസ്പെക്ടർ എസ്എച്ച്ഒ എം എ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി കെ നൗഫൽ, കെ കെ വിപിൻ, കെ മുസ്തഫ, എം ഷമീർ, എം എസ് റിയാസ്, ടി ആർ രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വി പി ജിഷ്ണു, മുഹമ്മദ് സക്കറിയ, പി ബി അജിത്ത് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com

Related News