വയനാടിന്‌ അനുയോജ്യം: കാപ്പി കർഷകർ ഏറ്റെടുത്ത്‌ കടലി 22

കടലി 22 ഇനം കാപ്പിത്തോട്ടം


  കൽപ്പറ്റ വയനാട്ടിലെ കാലാവസ്ഥാമാറ്റം കാപ്പികൃഷിയെ തളർത്തുമ്പോൾ കർഷകർക്ക് പ്രതീക്ഷയായി കടലി 22 എന്ന പുതിയ ഇനം. വടുവൻചാൽ സ്വദേശി പ്രമോദ് കടലി വികസിപ്പിച്ചെടുത്ത കടലി- 22 കൂടിയ ചൂടിലും അതിവർഷത്തിലും ശരാശരിയിലധികം വിളവ്‌ തരുന്നുണ്ട്‌. ഈ സവിശേഷതകൊണ്ട്‌ കർഷകർക്കിടയിൽ താരമാകുകയാണ്‌ പുതിയ ഇനം. വയനാട്ടിലെ ചൂട്‌ വർധിച്ചത്‌ കാപ്പികൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌.   250 വർഷത്തിലേറെയായി വയനാട് മേഖലയിൽ കാപ്പികൃഷി ആരംഭിച്ചിട്ട്‌. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ ബ്രിട്ടീഷുകാർ കാപ്പിത്തോട്ടങ്ങൾ ആരംഭിക്കുന്നത്‌. അനുയോജ്യമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും കാലാവസ്ഥയും മണ്ണും വയനാട്ടിലെ  മലയോര പ്രദേശങ്ങളിൽ കാപ്പിത്തോട്ടത്തെ വ്യാപിക്കാൻ സഹായിച്ചു.  ജില്ലയിൽ  67,426 ഹെക്ടറിൽ കാപ്പി കൃഷിചെയ്യുന്നുണ്ട്‌.  ഇത്‌ മൊത്തം കൃഷിയിടത്തിന്റെ 33.65 ശതമാനം വരും. സംസ്ഥാനത്തെ കാപ്പി കൃഷിയുടെ 90 ശതമാനവും ജില്ലയിലാണ്‌. റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിയാണ്‌ വയനാട്ടിൽ കൃഷി ചെയ്തിരുന്നത്‌. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റം റോബസ്റ്റ കാപ്പിയുടെ വിളവ്‌ കുറച്ചു. മരങ്ങൾ തന്നെ ഉണങ്ങിപ്പോകുന്ന അവസ്ഥയിലെത്തി.    കാപ്പി പൂക്കുന്ന കാലത്തെ വർധിച്ച ചൂട്‌ പൂക്കൾ കൊഴിയാനും വിളവിനെ സാരമായി ബാധിക്കാനും തുടങ്ങി. വർഷങ്ങളായി ഈ ദുരവസ്ഥയിലാണ്‌ വയനാട്ടിലെ കർഷകർ. ഇതിൽനിന്നുള്ള പരിഹാരമാണ്‌ പുതിയ ഇനം.    കടലി -22 എന്ന ഇനം കാപ്പിച്ചെടി കാലാവസ്ഥയെ അതിജീവിക്കുമെന്നതിന്റെ തെളിവാണ് ചീരാൽ പഴൂർതാഴത്ത് പത്മനാഭന്റെ കൃഷിയിടം. അഞ്ചുവർഷംമുമ്പാണ്  പുതിയ ഇനം പരീക്ഷിച്ചത്. പാടത്തും കൃഷിചെയ്യാൻ കഴിയുന്നുണ്ട്‌.   കരയിലെ ഉൽപ്പാദനത്തിന്റെ ഇരട്ടിയാണ് വയലിൽ കൃഷിചെയ്യുന്ന കടലി 22 കാപ്പിച്ചെടിയിൽനിന്ന് ലഭിക്കുന്നത്. കീടബാധയും നന്നേ കുറവാണ്.   ആറടിയിലധികം വളരാത്തതിനാൽ കർഷകന്‌ തന്നെ കാപ്പി പറിക്കാനാവും.  കനത്തമഴയിലും കായപൊഴിച്ചിലില്ല.  Read on deshabhimani.com

Related News