മഴ ശമിക്കുന്നു ആശങ്ക ഒഴിയുന്നു
കൽപ്പറ്റ ജില്ലയിൽ ഒരാഴ്‌ചയായി പെയ്യുന്ന കനത്ത മഴക്ക് അറുതിയായെങ്കിലും ഒറ്റപ്പെട്ട മഴ തുടരുന്നു. മഴക്കെടുതികൾക്ക് ശമനമായില്ല. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ ഒഴിഞ്ഞുതുടങ്ങി. ഞായറാഴ്‌ച ജില്ലയിൽ മഞ്ഞ അലർട്ടാണ്. ചില താഴ്‌ന്നപ്രദേശങ്ങളും വയലുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കബനിയുടെ കൈവഴികളായ മാനന്തവാടി, ബാവലി, കോളോത്ത്‌കടവ്, കാക്കവയൽ, മുത്തങ്ങ, പനമരം, തോണിക്കടവ് ഭാഗങ്ങളിലെല്ലാം ജലനിരപ്പ് അപകടാവസ്ഥയിൽനിന്ന് താഴ്‌ന്നിട്ടുണ്ട്. പുഴകളിലും തോടുകളിലുമെല്ലാം വെള്ളം കുറഞ്ഞുതുടങ്ങി. ശനിയാഴ്‌ചയും മണ്ണിടിഞ്ഞും മരംവീണും വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. പലയിടത്തും വ്യാപകമായ കൃഷിനാശവുമുണ്ടായി. രണ്ടായിരത്തിലധികം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തങ്ങുന്നുണ്ട്. വെള്ളി രാവിലെ മുതൽ ശനി രാവിലെ എട്ട് വരെയുള്ള 24 മണിക്കൂറിൽ ശരാശരി 48 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്‌തത്. തേറ്റമലയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 145 മില്ലി മീറ്റർ. കുറിച്യാർമല, ബോയ്‌സ് ടൗൺ, സുഗന്ധഗിരി, തവിഞ്ഞാൽ എസ്‌റ്റേറ്റ്, തലപ്പുഴ എസ്‌റ്റേറ്റ്, വെള്ളമുണ്ട മംഗലശേരി, മക്കിമല എസ്‌റ്റേറ്റ് എന്നിവിടങ്ങളിൽ 100 മില്ലി മീറ്ററിലധികം മഴ ലഭിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ പൊഴുതന, തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിലാണ് കൂടുതലായി മഴ ലഭിച്ചത്. പൊഴുതന 102 മില്ലി മീറ്റർ മഴ ലഭിച്ചു. തവിഞ്ഞാലിൽ 99.4 ഉം തൊണ്ടർനാട് 91 മില്ലി മീറ്ററും മഴ ലഭിച്ചു. മുള്ളൻകൊല്ലിയിലാണ് മഴ കുറവ്. 19.6 മില്ലി മീറ്റർ. ഒരാഴ്‌ചക്കിടെ 402 എംഎം മഴ ജൂലൈ ഒന്ന് മുതൽ 20 വരെ 600.7 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്‌തത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മാത്രം ലഭിച്ചത് 402 മില്ലി മീറ്റർ മഴ. ഇക്കാലയളവിൽ ജില്ലയിൽ ചിലയിടങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴയും ലഭിച്ചു. ജൂലൈ ഒന്ന് വരെ 36 ശതമാനം മഴക്കുറവുണ്ടായെങ്കിൽ കഴിഞ്ഞദിവസങ്ങളിലെല്ലാം കനത്ത മഴ പെയ്‌തതോടെ മഴക്കുറവ് 20 ശതമാനമായി കുറഞ്ഞു. ജൂൺ ഒന്ന് മുതൽ ജൂലൈ 20 വരെ 1036.6 മില്ലി മീറ്റർ മഴയാണ് പെയ്‌തത്. Read on deshabhimani.com