നേന്ത്രക്കായ വില ഉയരുന്നു, നേട്ടമില്ലാതെ കർഷകർ



  കൽപ്പറ്റ നേന്ത്രക്കായവിലയിൽ വൻ കുതിച്ചുകയറ്റം ഉണ്ടാകുമ്പോഴും നേട്ടം കൊയ്യാനാകാതെ ജില്ലയിലെ കർഷകർ. കിലോക്ക്‌ 47  രൂപയാണ്‌ ചൊവ്വാഴ്‌ചത്തെ വിപണിവില. കഴിഞ്ഞദിവസം 48 രൂപയായിരുന്നു വില. 60 രൂപക്കും മുകളിലാണ്‌ പൊതുവിപണിയിൽ നേന്ത്രക്കായ ഉപഭോക്താവിന്‌ ലഭിക്കുന്നത്‌.  കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ മാത്രം പത്ത്‌ രൂപയിലധികമാണ്‌ കിലോവിന്‌ വർധിച്ചത്‌. ഓണക്കാല സീസണായതിനാൽ  വരുംനാളുകളിലും വില താഴോട്ട്‌ പോവില്ലെന്ന്‌ മൊത്തക്കച്ചവടക്കാർ പറഞ്ഞു.   അതേസമയം ജില്ലയിലെ വാഴക്കർഷകർക്ക്‌ വിലവർധനയുടെ ഗുണം ലഭിക്കുന്നില്ല.  വിളവെടുപ്പ്‌ ഇതിനകംതന്നെ പൂർത്തിയായതിനാൽ കർഷകർക്ക്‌ വിപണിയിൽ കൊടുക്കാൻ നേന്ത്രക്കായയില്ല.  അമ്പത്‌ ശതമാനത്തിലധികം കർഷകരുടെയും  വിളവെടുപ്പ്‌ ജൂണിൽ പൂർത്തിയായിരുന്നു. 95 ശതമാനം പേരുടെയും വിളവെടുപ്പ്‌ ജൂലൈയിലും പൂർത്തിയായി. ഈ കാലയളവിൽ കിലോവിന്‌ 25നും 35നും ഇടയിലായിരുന്നു  വില. കാലവർഷം ആരംഭിച്ചതോടെ കാറ്റിലും മഴയിലുമായി ഏക്കർ കണക്കിന്‌ വാഴകൃഷി നശിച്ചിരുന്നു. മൂപ്പെത്താത്ത കുലകൾ കിട്ടിയ വിലയ്‌ക്ക്‌ വിൽപ്പന നടത്തേണ്ടിവന്നവരാണ്‌ ഭൂരിഭാഗംപേരും. ഉൽപ്പാദനം കറഞ്ഞതോടെയാണ്‌ വിപണിയിൽ വില കുതിച്ചുയർന്നത്‌. കർണാടകത്തിൽനിന്നുള്ള നേന്ത്രക്കായയാണ്‌ ഇപ്പോൾ എത്തിത്തുടങ്ങിയിട്ടുള്ളതെന്ന്‌ മൊത്തക്കച്ചവടക്കാർ പറഞ്ഞു.       ഫെബ്രുവരി,  മാർച്ച്‌ മാസങ്ങളിൽ നേന്ത്രക്കായ വില 15 രൂപയിലേക്ക്‌ കൂപ്പ്‌ കുത്തിയിരുന്നു.  ഏപ്രിൽ മാസത്തോടെയാണ്‌ വില  ഇരുപത്‌ രൂപയിലേക്കെത്തിയത്‌. ജൂൺമാസത്തോടെ വില 25 രൂപക്ക്‌ മുകളിലെത്തി. ജൂലൈ മാസം അവസാനത്തോടെയാണ്‌  വില 35 രൂപക്ക്‌ മുകളിലെത്തിയത്‌.  അപ്പോഴേക്കും ഭൂരിഭാഗം കർഷരും വിളവെടുപ്പ്‌ പൂർത്തിയാക്കിയിരുന്നു. ജില്ലയിൽ 12,000 ഹെക്ടറിൽ വാഴകൃഷി നടത്തുന്നുണ്ട്‌. Read on deshabhimani.com

Related News