അനിശ്‌ചിതത്വം തുടരുന്നു ഇക്കോ കേന്ദ്രങ്ങൾ എന്ന്‌ തുറക്കും



  കൽപ്പറ്റ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ട്‌ ആറുമാസം പിന്നിടുമ്പോഴും തുറക്കാനുള്ള നടപടി അനിശ്‌ചിതമായി നീളുന്നു.  കുറുവ ദ്വീപിലെ  ജീവനക്കാരൻ വി പി പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന്‌  ഫെബ്രുവരി 17നാണ്‌  മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടത്‌.  വന്യജീവി അക്രമണം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ നടപടി നിലവിൽ വിനോദസഞ്ചാരമേഖലയെയാകെ ബാധിക്കുകയാണ്‌.  കേന്ദ്രങ്ങൾ അടച്ചിട്ടതുമായി ബന്ധപ്പെട്ട കേസ്‌ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.  സന്ദർശകരുടെ എണ്ണം കുറച്ച്  ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനായുള്ള ചില നിർദേശങ്ങൾ കോടതി മുമ്പാകെ വന്നിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ നിലപാട്‌ ഉണ്ടായാൽ മാത്രമേ കേന്ദ്രങ്ങൾ തുറക്കു. ഇതിനിടയിലാണ്‌ മുണ്ടക്കൈ  ഉരുൾപൊട്ടൽ ഉണ്ടായതും ജില്ലയുടെ മൊത്തം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിട്ടതും.     ജില്ലയിൽ 11 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്. സൗത്ത് വയനാട്ടിൽ നാലും നോർത്ത് വയനാട്ടിൽ അഞ്ചും വന്യജീവി സങ്കേതത്തിനുള്ളിൽ രണ്ടും കേന്ദ്രങ്ങൾ.  മുന്നൂറിലേറെ കുടുംബങ്ങളാണ്‌ ഈ കേന്ദ്രങ്ങളെ നേരിട്ട്‌ ആശ്രയിക്കുന്നത്‌.  തട്ടുകടകൾ, ഹോട്ടലുകൾ, ടാക്‌സി തൊഴിലാളികൾ, ഹോംസ്‌റ്റേ നടത്തിപ്പുകാർ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ മേഖലയിലുള്ളവർക്കും ഇക്കോ കേന്ദ്രങ്ങൾ അടച്ചത്‌ വൻ തിരിച്ചടിയായി. കാലവർഷം പിന്നോട്ടടിക്കുകയും ഡിടിപിസിക്ക്‌ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുകയും ചെയ്‌ത സാഹചര്യത്തിൽ സഞ്ചാരികളെ  ഏറെ ആകർഷിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ കൂടി തുറക്കണമെന്ന ആവശ്യം ശക്തമാണ്‌.     ഇക്കോ ടൂറിസം സെന്ററുകൾ തുറന്നുപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട്‌  ടൂറിസം എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു)  പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയിരുന്നു. കേന്ദ്രങ്ങൾ പുനരാരംഭിക്കുന്നത്‌ അനിശ്‌ചിതമായി നീളുന്നതിനാൽ തുടർ പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ്‌ തൊഴിലാളികളും സംഘടനകളും.    കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കും കൽപ്പറ്റ ജില്ലയിൽ അടുത്ത ആഴ്‌ചയോടെ കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിന്‌ പിന്നാലെയാണ്‌ കേന്ദ്രങ്ങൾ പൂർണമായും അടച്ചത്‌.  ഡിടിപിസിക്ക്‌ കീഴിലുള്ള ആറ്‌ കേന്ദ്രങ്ങളുൾപ്പെടെ ഏഴ്‌ വിനോദസഞ്ചാരകേന്ദ്രങ്ങൾ 15ന്‌ തുറന്നിരുന്നു. ടൂറിസം മേഖലയുടെ അതിജീവനം  കണക്കിലെടുത്താണ്‌ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുന്നത്‌. കാലവർഷവും  പിന്നോട്ടടിച്ചിട്ടുണ്ട്‌. ഡിടിപിസിക്ക്‌ കീഴിലുള്ള എടക്കൽ ഗുഹ, ചീങ്ങേരി മല, കാന്തൻപാറ, മാനന്തവാടി പഴശ്ശി പാർക്ക്‌ എന്നിവയുൾപ്പെടെ ശുചീകരണപ്രവൃത്തി നടത്തി സഞ്ചാരികൾക്കായി തുറന്നുകൊടുക്കും.  ഓണക്കാലത്ത്‌ വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക്‌ ജില്ലയിലുണ്ടാവാറുണ്ട്‌. ഇത്‌ കൂടി കണക്കിലെടുത്താണ്‌  കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നത്‌.   വിനോദസഞ്ചാരമേഖലയിലും അനുബന്ധമേഖലയിലും തൊഴിലെടുക്കുന്ന നിരവധി കുടുംബങ്ങളാണ്‌ ജില്ലയിലുള്ളത്‌.  ഇവരുടെയെല്ലാം വരുമാനമാർഗമാണ്‌ നിലച്ചത്‌. ജില്ലയുടെ പ്രധാന വരുമാനസ്രോതസ്സിലൊന്നായ ടൂറിസം മേഖല അനിശ്‌ചിതത്വത്തിൽ നിലകൊള്ളുന്നത്‌ ജില്ലക്ക്‌ ദോഷകരമാവും എന്നത്‌ കൂടി പരിഗണിച്ചുള്ള നടപടികളാണ്‌ ഉണ്ടാവുക.  കാലവർഷക്കാലത്ത്‌  നഷ്‌ടമായ  വിനോദസഞ്ചാര പ്രതാപം തിരിച്ചുപിടിക്കാൻ വരും ദിവസങ്ങളിൽ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന്‌ അധികൃതർ പറഞ്ഞു.     Read on deshabhimani.com

Related News