പേര്യ ചുരം പ്രവൃത്തി സ്ഥലം സന്ദർശിച്ച്‌ സിപിഐ എം നേതാക്കൾ; വേഗത്തിലാക്കാൻ ഇടപെടും

സിപിഐ എം നേതാക്കള്‍ പേര്യ ചുരത്തിലെ പ്രവൃത്തി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍


  പേര്യ ചുരത്തിലെ പ്രവൃത്തി നടക്കുന്ന പ്രദേശം സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ നേതൃത്വത്തിലാണ് നേതാക്കൾ പ്രദേശത്തെത്തിയത്‌. പേര്യ റോഡ് പ്രവൃത്തി വേഗത്തിലാക്കുന്നതിൽ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് നേതാക്കൾ പറഞ്ഞു.    ജുലൈ 30ന് പേര്യ ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കണ്ണൂർ കലക്ടർ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് ഉത്തരവിട്ടിരുന്നു.  റോഡ് പുനർ നിർമാണ പ്രവർത്തനം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിയായ ചെറുവത്ത് പീറ്റർ മരിച്ചു. റോഡ് അടച്ചതുമൂലം ബദൽ പാതയായ പാൽചുരത്ത് ഗതാഗത തടസ്സം രൂക്ഷമാണ്. കണ്ണൂരിലേക്ക്  പോകുന്ന വിദ്യാർഥികൾ, ചികിത്സക്കായി പോകുന്ന രോഗികൾ, ചുരം റോഡിലൂടെയുള്ള യാത്രക്കാരെ ആശ്രയിച്ച് കഴിയുന്ന വ്യാപാരികൾ തുടങ്ങിയവർ പ്രതിസന്ധിയിലാണ്.   ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുന്നതിനുള്ള ഇടപെടൽ സർക്കാർ തലത്തിൽ നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. മാനന്തവാടി ഏരിയാ സെക്രട്ടറി പി ടി ബിജു,  ബാബു ഷജിൽകുമാർ, ടി കെ അയ്യപ്പൻ, സി ടി പ്രേംജിത്ത് തുടങ്ങളിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.  നിരവധി പ്രദേശവാസികളും സ്ഥലത്ത്‌ എത്തിയിരുന്നു. റോഡ് പുനർനിർമാണ പ്രവൃത്തിക്കിടെ മരണമടഞ്ഞ പീറ്ററിന്റെ വീടും നേതാക്കൾ സന്ദർശിച്ചു. Read on deshabhimani.com

Related News