ടൗൺ സ്ക്വയർ പുതുമോടിയിലേക്ക്
ബത്തേരി ഹാപ്പി ഹാപ്പി നഗരമായ ബത്തേരിയിൽ കുട്ടികളുടെയും വ്യായാമം ഇഷ്ടപ്പെടുന്നവരുടെയും സന്തോഷം വർധിക്കും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള ടൗൺ സ്‌ക്വയർ പാർക്കിൽ രണ്ടുകോടിയുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഓപ്പൺ ജിമ്മും കുട്ടികൾക്കുള്ള വ്യത്യസ്ത കളിയുപകരണങ്ങളുമാണ് സ്ഥാപിക്കുന്നത്. ജിം ഫിറ്റ്നസ് ഉപകരണങ്ങളായ ഡബിൾ സൈഡ് ചെസ്റ്റ് പ്രസ് മെഷീൻ, ഔട്ട്ഡോർ എയർ വാക്കർ, ഡബിൾ ബാർ, സിറ്റ് അപ്പ് ബോർഡ്, ഔട്ട് ഡോർ റണ്ണിങ് മെഷീൻ, ഔട്ട് ഡോർ ജിം സ്‌കൈ വാക്കർ എന്നിവ സ്ഥാപിച്ചു. ഓപ്പൺ ജിം പുലർച്ചെ അഞ്ച് മുതൽ പ്രവർത്തിപ്പിക്കും. പ്രഭാതസവാരിക്കാർക്കും ഓപ്പൺ ജിം ഉപയോഗപ്പെടുത്താനാകും. കുട്ടികൾക്ക് അപകടരഹിത കളി ഉപകരണങ്ങളാണ് എത്തിച്ചത്. ചെറിയ കുളത്തിൽ സഞ്ചരിക്കാവുന്ന പെഡൽ ബോട്ട് സജ്ജീകരിക്കും. സീസോയും ഊഞ്ഞാലും സ്ലെയ്‌ഡുമാണ് നേരത്തെ ഉണ്ടായിരുന്നത്. കൂടുതൽ സൗകര്യങ്ങളാകുന്നതോടെ കുടുംബങ്ങൾ കൂടുതലായി എത്തുമെന്നാണ് ഡിടിപിസിയുടെ പ്രതീക്ഷ. പാർക്കിനകത്തെ കഫ്റ്റീരിയയും പ്രവർത്തനം ആരംഭിക്കും. നവീകരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കി ഉദ്ഘാടനംചെയ്യും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയാണ് പാർക്കിന്റെ പ്രവർത്തനം. Read on deshabhimani.com