കന്നിക്കിരീട നേട്ടത്തിൽ വയനാട്



കൽപ്പറ്റ  ഫുട്ബോളിൽ വയനാടിന് ഒരു മേജര്‍ കിരീടമെന്ന ആഗ്രഹത്തിന് വിരാമമിട്ട് അണ്ടര്‍ 20 ഫുട്‌ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന്റെ കൗമാരം നേടിയത് സ്വപ്ന കപ്പ്. ജില്ലയിലെ കാൽപന്ത് പ്രേമികളെ ആവേശ കൊടുമുടിയിലെത്തിച്ച കന്നിക്കിരീട നേട്ടമായിരുന്നു വയനാടിന്റെത്. നാല്‌ പതിറ്റാണ്ടിന് മുകളിലുള്ള ജില്ലയുടെ ചരിത്രത്തിൽ ആദ്യമായുള്ള കപ്പ് നേട്ടം. വർഷങ്ങൾക്കുമുമ്പ് അണ്ടർ 14 വിഭാഗത്തിൽ ഫൈനലിൽ എത്തിയതാണ് ജില്ലയുടെ മികച്ച മുന്നേറ്റം. നാട് ഒന്നാകെ കപ്പിനായി ആർത്തുവിളിച്ചപ്പോൾ ചരിത്രം വഴിമാറി. പതിറ്റാണ്ടുകളായി ചുരത്തിന് മുകളിലെ കാല്‍പന്ത് പ്രേമികള്‍ കണ്ട സ്വപ്‌നം സഫലം. ആതിഥേയര്‍ കപ്പില്‍ മുത്തമിടുമ്പോള്‍ വയനാടിന്റെ കാല്‍പന്ത് കുതിപ്പിന് മറ്റൊരു തുടക്കമായി. പതിനായിരത്തോളം വരുന്ന റെക്കോഡ് കാണികളാണ് മരവയലിലെ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയത്. ആർപ്പുവിളിച്ചും ആരവങ്ങൾ ഉയർത്തിയും മുഴുവൻ സമയവും പ്രോത്സാഹനം നൽകി. കഴിഞ്ഞ ഒന്നര മാസത്തെ പരിശീലനംകൊണ്ട് ആര്‍ജിച്ചെടുത്ത ആത്മവിശ്വാസം കൈവിടാതെ കൗമാരം പൊരുതിയപ്പോള്‍ വയനാടിന് അര്‍ഹിച്ച കിരീടം ലഭിച്ചു. ടീമിനെ വാര്‍ത്തെടുത്ത പരിശീലകന്‍ വാഹിദ് സാലിയും സംഘവും തങ്ങളുടെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കി എന്നതിന്റെ തെളിവാണ് ഈ സ്വപ്നനേട്ടം. Read on deshabhimani.com

Related News