ചെങ്കൊടി വാനിൽ
സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗർ (ബത്തേരി) സാമ്രാജ്യത്വത്തേയും ജന്മിത്വത്തേയും ചെറുത്ത് തോൽപ്പിച്ച ബത്തേരിയുടെ മണ്ണിൽ വയനാട്ടിലെ കരുത്തറ്റ തൊഴിലാളി വർഗ പ്രസ്ഥാനമായ സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനത്തിന് ചെമ്പതാക ഉയർന്നു. ആവേശം കൊടുമുടിയേന്തിയ വെള്ളി രാത്രി 7.45ഓടെ മുദ്രാവാക്യങ്ങളുടെ ഇടിമുഴക്കത്തിൽ മൂന്നുദിനം നീളുന്ന സമ്മേളനത്തിന് സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നഗരസഭ സ്‌റ്റേഡിയം) സ്വാഗതസംഘം ചെയർമാൻ വി വി ബേബി രക്തപതാക വാനിലുയർത്തി. രണസ്‌മരണകൾ ഇരമ്പിയാർത്തു. പോരാട്ടങ്ങൾ നിലക്കുന്നില്ലെന്ന പ്രഖ്യാപനവുമായി കുടിയേറ്റത്തിന്റെ മണ്ണ് സാക്ഷിയായി. സിപിഐ എം വയനാട് ജില്ലാകമ്മിറ്റി രൂപീകരിച്ച് അരനൂറ്റാണ്ട് പിന്നിട്ടശേഷമുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ശനിയാഴ്‌ച തുടങ്ങും. തിങ്കൾ പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമാപനം. ശനി രാവിലെ പത്തിന് പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. വെള്ളി പകൽ മൂന്നിന് പര്യടനം ആരംഭിച്ച കൊടിമര, പതാക ജാഥകൾക്ക് കോട്ടക്കുന്നിൽ ഉജ്വല വരവേൽപ്പ് നൽകിയാണ് പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെമ്പതാകയും കൊടിമരവുമായുള്ള പ്രയാണം ബത്തേരിയെ ആവേശത്തിലാഴ്‌ത്തി. മേപ്പാടിയിലെ പി എ മുഹമ്മദ് സ്‌മൃതിമണ്ഡപത്തിൽനിന്ന് പ്രയാണം ആരംഭിച്ച പതാകജാഥയും പുൽപ്പള്ളിയിൽ പി കെ മാധവന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് തുടങ്ങിയ കൊടിമര ജാഥയും വൈകിട്ട് 6.30ഓടെയാണ് കോട്ടക്കുന്നിൽ സംഗമിച്ചത്. ജാഥകൾ എത്തിയതോടെ കരിമരുന്ന് പ്രയോഗവുമുണ്ടായി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, മന്ത്രി ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ ജാഥകളെ വരവേറ്റു. പൊതുസമ്മേളന നഗരിയിലേക്കുള്ള പ്രയാണത്തിൽ ചുവപ്പ് വളന്റിയർമാരും മുദ്രാവാക്യം മുഴക്കി നൂറുകണക്കിനാളുകളും അണിനിരന്നു. നഗരം ചുറ്റി കൊടിമര–-പതാക ജാഥ പൊതുസമ്മേളന നഗറിൽ എത്തി. പതാകയും കൊടിമരവും ജാഥാ ക്യാപ്‌റ്റൻമാരായ എ എൻ പ്രഭാകരൻ, പി വി സഹദേവൻ എന്നിവരിൽനിന്ന് പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, മന്ത്രി ഒ ആർ കേളു, വി വി ബേബി എന്നിവർചേർന്ന് ഏറ്റുവാങ്ങി ആവേശോജ്വല അന്തരീക്ഷത്തിൽ ചൊങ്കൊടി ഉയർത്തി. സ്വാഗതസംഘം ജനറൽ കൺവീനർ പി ആർ ജയപ്രകാശ് സ്വാഗതം പറഞ്ഞു. Read on deshabhimani.com