പാറക്കാംവയലിൽ എന്നും കാട്ടാനകൾ
മേപ്പാടി കാട്ടാനകളെത്തുന്നത് നിത്യസംഭവമായതോടെ പാറക്കാംവയൽ നിവാസികൾ ദുരിതത്തിൽ. രണ്ട് മാസമായി മിക്ക ദിവസങ്ങളിലും വീടുകൾക്ക് മുന്നിലടക്കം കാട്ടാനകളെത്തുകയാണ്. സന്ധ്യയായാൽ പുറത്തിറങ്ങാൻപോലും ഭയക്കുകയാണ് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ. വൈകിട്ടാവുമ്പോഴേക്കും ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ് കാട്ടാനകൾ. പാറക്കാംവയലിന്റെ ഒരു ഭാഗം വനവും മറ്റൊരു ഭാഗം വൻകിട കാപ്പിത്തോട്ടവുമാണ്. രാത്രികളിൽ ഇവിടെയാണ് ആനകൾ തമ്പടിക്കുക. ചൊവ്വ രാത്രിയെത്തിയ ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കൊടക്കാഞ്ചേരി സിദ്ദിഖ്, കൊടക്കാഞ്ചേരി ആലി, പരിഞ്ചേരി ആലി, ചേരിക്കാതൊടി ഖാലിദ്, ഇല്ലിക്കൽ ഷൗക്കത്ത്, ഇല്ലിക്കൽ സലീം, പുതുപറമ്പിൻ അലവി എന്നിവരുടെ കൃഷിയിടം നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, ഏലം, വാഴ തുടങ്ങിയവയാണ് കൂടുതൽ നശിപ്പിച്ചത്. കാട്ടാനശല്യം കാരണം കൃഷി പൂർണമായും ഒഴിവാക്കിയവരുമുണ്ട്. എല്ലാവരും ചെറുകിട കർഷകരാണ്. കുറച്ചുദിവസം മുമ്പ് നസീർ എന്നയാൾ കാട്ടാനകളുടെ മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇവിടെയുള്ള മസ്‌ജിദിന്റെ ഗേറ്റടക്കം കാട്ടാനകൾ തകർത്തിരുന്നു. സന്ധ്യക്കുമുമ്പ് തന്നെ ജനങ്ങൾ വീടണയേണ്ട അവസ്ഥയാണ്. ഇവിടെയുള്ളവരിൽ ഏറെയും കന്നുകാലികളെ വളർത്തുന്നുണ്ട്. രാത്രിയിൽ പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ ചിലർ കന്നുകാലികളെ വിറ്റൊഴിവാക്കി. ആർക്കെങ്കിലും രാത്രി അസുഖം വന്നാൽ എങ്ങനെ ആനകൾക്കിടയിലൂടെ ആശുപത്രിയിലെത്തിക്കുമെന്ന ആശങ്കയിലാണ്. വനത്തോട് ചേർന്നുള്ള തേയിലത്തോട്ടത്തിൽ ജോലിചെയ്യാൻ തൊഴിലാളികളും ഭയക്കുകയാണ്. കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞമാസം നാട്ടുകാർ വനപാലകരെ തടഞ്ഞുവച്ചിരുന്നു. ഡിഎഫ്‌ഒ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് മോചിപ്പിച്ചത്. റബർ ബുള്ളറ്റ് ഉപയോഗിച്ച് തുരത്താമെന്നായിരുന്നു തീരുമാനം. ചർച്ചയുടെ ഭാഗമായി കാട് മൂടിക്കിടക്കുന്ന കാപ്പിത്തോട്ടം വെട്ടി വൃത്തിയാക്കാനും നടപടിയെടുത്തിരുന്നു. Read on deshabhimani.com