ബുധനാഴ്‌ച തിരഞ്ഞത്‌ 185 പേർ

ബുധനാഴ്‌ച ചൂരൽമല ഹൈസ്‌കൂൾ റോഡിൽ തിരച്ചിൽ നടത്തുന്ന അഗ്നിരക്ഷാസേന


ചൂരൽമല ദുരന്തമേഖലകളിൽ തിരച്ചിൽ തുടരുന്നു. ബുധനാഴ്‌ച അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്‌, എൻഡിആർഎഫ്‌, വനപാലകർ, സൈന്യം, വളന്റിയർമാർ  എന്നിവരുൾപ്പെടെ 185 പേരായിരുന്നു തിരച്ചിലിനുണ്ടായിരുന്നത്‌. അഗ്നിരക്ഷാസേനയിൽനിന്ന്‌ 60ഉം എൻഡിആർഎഫിൽനിന്ന്‌ 30 പേരുമാണുണ്ടായിരുന്നത്‌. 88 വളന്റിയർമാരും തിരച്ചിൽ നടത്തി. കണ്ണൂർ റീജണൽ ഓഫീസർ ടി റജീഷ്‌, വയനാട്‌ സ്‌റ്റേഷൻ ഓഫീസർ ബഷീർ, കണ്ണൂർ സ്‌റ്റേഷൻ ഓഫീസർ ടി അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സംഘം ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള ഏഴ്‌ മേഖലകളിൽ പരിശോധന നടത്തി. തുർച്ചയായുള്ള 23–-ാം ദിവസത്തെ തിരച്ചിലിലും എൻഡിആർഎഫ്‌ സജീവമായി. വിവിധ സംഘങ്ങളായിട്ടായിരുന്നു പരിശോധന. എട്ട്‌ ദിവസമായി മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ലെങ്കിലും തിരച്ചിൽ തുടരുകയാണ്‌. 13നാണ്‌ നിലമ്പൂർ മേഖലയിൽനിന്ന്‌ അവസാനമായി ശരീരഭാഗം കണ്ടെത്തിയത്‌. 231 മൃതദേഹവും 212 ശരീരഭാഗവുമാണ് ഇതുവരെ കണ്ടെത്തിയത്. ചൂരൽമലയിൽനിന്ന്‌ 151 മൃതദേഹവും 39 ശരീരഭാഗവും  നിലമ്പൂരിൽനിന്ന്‌ 80 മൃതദേഹവും 173 ശരീരഭാഗവും ലഭിച്ചു. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ ബുധനാഴ്‌ചയും ശക്തമായ മഴയും കോടമഞ്ഞുമായിരുന്നു. ദുരിതബാധിതരും പ്രദേശത്തുണ്ടായിരുന്നു. തകർന്ന വീടുകളിൽ അവശേഷിക്കുന്ന പാത്രങ്ങളും വസ്‌തുക്കളും എടുക്കാനായിട്ടായിരുന്നു പലരും വന്നത്‌.    Read on deshabhimani.com

Related News