ആനപ്പാറയിൽ വന്യമൃഗ ആക്രമണം; 3 പശുക്കളെ കൊന്നു
ചുണ്ടേൽ ആനപ്പാറയിൽ വന്യമൃഗ ആക്രമണത്തിൽ മൂന്ന് പശുക്കൾ ചത്തു. ചുണ്ടവയൽ സ്വദേശി വാരിയത്ത്പറമ്പിൽ നൗഫലിന്റെ ഒന്നര വയസ്സുള്ള രണ്ടും രണ്ടര വയസ്സുള്ള ഒരുപശുവിനെയുമാണ് വന്യമൃഗം കൊന്നത്. പുലിയുടെയോ, കടുവയുടെയോ ആക്രമണമാണ് സംശയിക്കുന്നത്. ആനപ്പാറയിലെ തേയിലത്തോട്ടത്തിൽ മൂന്നിടങ്ങളിലായാണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഞായർ രാവിലെ പശുക്കളെ മേയാൻ വിട്ടതായിരുന്നു. സാധാരണ ഇരുട്ടംമുമ്പ് പശുക്കൾ വീടിനോട് ചേർന്ന തൊഴുത്തിലേക്ക് തിരിച്ചുവരികയായിരുന്നു പതിവ്. തിരികെയെത്താത്തതിനാൽ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ മഴയും ഉണ്ടായിരുന്നതിനാൽ തേയില തോട്ടത്തിൽ കൂടുതൽ തിരയാനായില്ല തിങ്കൾ രാവിലെ എസ്റ്റേറ്റിൽ ജോലിക്കെത്തിയവരാണ് ഒരു പശുവിനെ ചത്ത നിലയിൽ കണ്ടത്. പിന്നീട് നൗഫൽ സ്ഥലത്തെത്തി തിരഞ്ഞപ്പോൾ തേയിലത്തോട്ടത്തിനുള്ളിൽ രണ്ടെണ്ണത്തിന്റെകൂടി ജഡം കണ്ടെത്തി. ഒന്നിന്റെ പിറകുവശം ഭക്ഷിച്ച നിലയിലായിരുന്നു. മൂന്ന് പശുക്കളുടെയും കഴുത്തിന് കടിയേറ്റിരുന്നു. ഡെപ്യൂട്ടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആർആർടി അംഗങ്ങളും പ്രദേശത്ത് പരിശോധന നടത്തി. തോട്ടത്തിൽ പുലിയുടെ കാൽപ്പാടിന് സമാനമായ പാടുകളുണ്ടെങ്കിലും വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കടുവയാണെന്ന സംശയവും നാട്ടുകാർക്കുണ്ട്. തിങ്കൾ വൈകിട്ട് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ സ്ഥലം സന്ദർശിച്ചു. കാമറയിൽ ചിത്രം പതിഞ്ഞാലെ പുലിയാണോ കടുവയാണോ പശുക്കളെ ആക്രമിച്ചതെന്ന് വ്യക്തമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കൂടുവയ്‌ക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. കെണിയൊരുക്കാൻ ഒന്നിന്റെ ജഡം സ്ഥലത്തുതന്നെ വച്ചിട്ടുണ്ട്. രണ്ട് ജഡം കുഴിച്ചുമൂടി. കാമറ സ്ഥാപിച്ചു മൂന്ന് പശുക്കളെ കൊന്ന് പ്രദേശം ഭീതിയിലായതോടെ തിങ്കളാഴ്‌ച വനംവകുപ്പ് കാമറ സ്ഥാപിച്ചു. ചൊവ്വാഴ്‌ച കൂട് വയ്‌ക്കും. പശുക്കളുടെ ഉടമക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിച്ചതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. Read on deshabhimani.com