പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് സാധ്യതാപഠനം 5 കിലോമീറ്റർ പൂർത്തിയായി
കൽപ്പറ്റ പൂഴിത്തോട്–-പടിഞ്ഞാറത്തറ ബദൽ റോഡിനായുള്ള സാധ്യതാപഠനം വയനാട്ടിൽ അഞ്ച് കിലോമീറ്റർ പുർത്തിയായി. നിലവിൽ 12 മീറ്റർ വീതിയിൽ ടാർചെയ്ത ഭാഗത്താണ് സാധ്യതാപഠനം പൂർത്തിയാക്കിയത്. ഇനി ആറ് കിലോമീറ്ററിലാണ് പഠനം നടക്കാനുള്ളത്. കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് ഭാഗത്ത് പഠനം നേരത്തെ പൂർത്തിയായിരുന്നു. വനഭൂമിയിലെ സാധ്യതാപഠനത്തിന് കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ വനഭൂമി ഒഴികെയുള്ള പ്രദേശങ്ങളിലാണ് പഠനം നടത്തുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് സാധ്യതാപഠനത്തിന്റെ ചുമതല. യന്ത്രങ്ങൾ ഉപയോഗിച്ച് കുഴിയെടുത്ത് ഭൂമിക്കടിയിലെ പാറയുടെ സാന്നിധ്യവും ഘടനയുമാണ് പഠിക്കുന്നത്. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് നിർമിച്ചാലും പരിസ്ഥിതിക്ക് കുഴപ്പമുണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് പഠനം. ജിപിആർഎസ് സർവേയും നടത്തുന്നുണ്ട്. വനഭൂമി പരമാവധി ഒഴിവാക്കി ഏറ്റവും എളുപ്പത്തിൽ പൂഴിത്തോടിനെ ബന്ധിപ്പിക്കുന്നതരത്തിൽ രൂപരേഖ തയ്യാറാക്കാനാണ് ജിപിആർഎസ് സേവനം ഉപയോഗിക്കുന്നത്. വനഭൂമിവരെയുള്ള പഠനം ഡിസംബറിൽ പൂർത്തിയാവും. ജനുവരി ആദ്യവാരം റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് സംസ്ഥാന സർക്കാരിന് മുമ്പിലെത്തിയാൽ റോഡ് നിർമാണം ആരംഭിക്കും. സംസ്ഥാന സർക്കാർ സാധ്യതാപഠനത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറയിൽനിന്ന് പൂഴിത്തോട് വരെ 27 കിലോമീറ്ററാണ് ദൂരം. രണ്ട് ജില്ലയിലുമായി ഏഴ് കിലോമീറ്റർ മാത്രമാണ് വനഭൂമിയുള്ളത്. മണ്ണ് പരിശോധന പൂർത്തിയായാൽ റോഡിലെ കൾവർട്ടുകളുടെയും പാലങ്ങളുടെയും ബലം പരിശോധിക്കും. പടിഞ്ഞാറത്തറയിൽനിന്ന് കുറ്റ്യാമൈൽ വരെ 12 മീറ്റർ വീതിയിൽ ടാർചെയ്ത റോഡുണ്ട്. ഇത് കഴിഞ്ഞ് വനാതിർത്തിവരെ നാല് കിലോമീറ്ററിൽ കരിങ്കൽ ചീളുകൾ പാകിയ റോഡാണുള്ളത്. 30 വർഷംമുമ്പ് പണിത റോഡിലെ പന്നിപ്പൊയിലിലെ പാലത്തിന് ബലക്ഷയമുണ്ടായിട്ടുണ്ട്. ഇത് പുതുക്കിപ്പണിയേണ്ടിവരും. കേന്ദ്ര അനുമതിയില്ലാതെ ആരംഭിച്ച പദ്ധതി അറുപത് ശതമാനം പൂർത്തിയാക്കിയെങ്കിലും കേന്ദ്രസർക്കാരിന്റെ പിടിവാശിമൂലം പാതിവഴിയിൽ നിൽക്കുകയായിരുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് തുല്യമായ 104 ഏക്കറാണ് വനംവകുപ്പിന് വിട്ടുകൊടുത്തത്. സാധ്യതാപഠനം വനത്തിൽ നടത്താൻ അനുമതി ആവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതർ വനം വകുപ്പിന് കത്തുനൽകിയിട്ടുണ്ട്. ജനുവരിക്ക് മുമ്പ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയെടുത്താൽ ഇതോടൊപ്പം വനത്തിലും സാധ്യതാപഠനം നടത്താനാവും. ഇതിനായി എം പിമാർ ഉൾപ്പെടെയുള്ളവർ സജീവമായി ഇടപെടണമെന്നാണ് കർമ സമിതിയുടെയും നാട്ടുകാരുടെയും ആവശ്യം. Read on deshabhimani.com