മൂന്നാം പാദത്തിൽ 
5604 കോടി വായ്പ നൽകി



  കൽപ്പറ്റ    ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 5604 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകൾ വായ്പ നൽകിയതായി  കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ബാങ്കിങ്‌ അവലോകന സമിതി യോഗം വിലയിരുത്തി. വാർഷിക പ്ലാനിന്റെ 102 ശതമാനം വായ്പയാണ് വിതരണം ചെയ്തത്. ഇതിൽ 3367 കോടി രൂപ കാർഷികമേഖലയ്ക്കും 620 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 770 കോടി രൂപ ഭവന-–-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണനാ മേഖലയ്ക്കും നൽകി.  ആകെ വിതരണം ചെയ്ത വായ്പയിൽ 4757 കോടി രൂപ മുൻഗണനാ മേഖലയ്ക്കാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ വി സി സത്യപാൽ അറിയിച്ചു. മൂന്നാം പാദത്തിൽ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 9290 കോടിയായി വർധിച്ചു. നിക്ഷേപം 7136 കോടിയാണ്.  ജില്ലയിലെ ബാങ്കുകളുടെ 2022-–-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ പ്രകടനം യോഗം അവലോകനംചെയ്തു. ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ തീമിൽ ജനുവരി മാസത്തെ ഡെൽറ്റ റാങ്കിങ് ലഭിച്ചതിൽ ജില്ലയിലെ ബാങ്കുകളെ കലക്ടർ അനുമോദിച്ചു. ജില്ലയുടെ 2023-–-24 സാമ്പത്തിക വർഷത്തിലേക്ക് ലീഡ് ബാങ്ക് തയ്യാറാക്കിയ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാൻ കലക്ടർ പ്രകാശിപ്പിച്ചു. 7000 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 4500 കോടി കാർഷികമേഖലയ്ക്കും, 900 കോടി സൂക്ഷ്മ ചെറുകിട വ്യവസായത്തിനും, 1000 കോടി മറ്റ് മുൻഗണനാ വിഭാഗത്തിനും നീക്കിവച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ബിബിൻ മോഹൻ,  ലീഡ് ഡിസ്ട്രിക്ട് ഓഫീസർ പ്രദീപ് മാധവൻ, നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ വി ജിഷ തുടങ്ങിയവർ സംസാരിച്ചു Read on deshabhimani.com

Related News