ഇരട്ടക്കൊലപാതകം, ആത്മഹത്യ മരണപ്പെട്ടവർക്ക്‌ നാടിന്റെ വിട



ബത്തേരി ചെതലയത്ത്‌ ഗൃഹനാഥൻ വെട്ടിക്കൊന്ന ബിന്ദുവിനും മകൻ ബേസിലിനും നാടിന്റെ അന്ത്യാഞ്‌ജലി. കൊലപാതകത്തിനുശേഷം ജീവനൊടുക്കിയ ബിന്ദുവിന്റെ ഭർത്താവ്‌ ഷാജുവിന്റെ മൃതദേഹവും സംസ്‌കരിച്ചു. ഞായർ വൈകിട്ടായിരുന്നു സംസ്‌കാരം.  ശനി പുലർച്ചെ മൂന്നോടെയാണ്‌ കുടുംബപ്രശ്‌നങ്ങളെ തുടർന്ന്‌  ആറാംമൈൽ പുത്തൻപുരയ്‌ക്കൽ ഷാജു ഭാര്യ ബിന്ദുവിനെയും മകൻ ബേസിലിനെയും വീടിനകത്ത്‌ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. കൊലപാതകങ്ങൾക്ക്‌ ശേഷം ഷാജുവും വിഷംകഴിച്ച്‌ ജീവനൊടുക്കി. നാടിനെ നടുക്കിയ സംഭവത്തിൽ മരണപ്പെട്ട മൂന്ന്‌ പേരുടെയും മൃതദേഹങ്ങൾ ഞായർ വൈകീട്ടോടെ ചെതലയം സെന്റ്‌ ജോർജ്‌ യാക്കോബായ പള്ളി സെമിത്തേരിയിലാണ്‌ ബന്ധുക്കളും നാട്ടുകാരുമായ നൂറുകണക്കിന്‌ പേരുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചത്‌.  വികാരനിർഭരമായ രംഗങ്ങൾക്കാണ്‌ പള്ളിയങ്കണം സാക്ഷ്യംവഹിച്ചത്‌. പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം കോഴിക്കോട്‌ മെഡിക്കൽ കോളേജിൽനിന്ന്‌ നാലരയോടെ ഷാജുവിന്റെ മൃതദേഹമാണ്‌ ആദ്യം പള്ളിയിൽ എത്തിച്ച്‌  സംസ്‌കരിച്ചത്‌. അഞ്ചോടെ ബിന്ദുവിന്റെയും ബേസിലിന്റെയും മൃതദേഹങ്ങൾ ബത്തേരിയിൽ എത്തിയതെങ്കിലും ഷാജുവിന്റെ സംസ്‌കാരം കഴിയുന്നതുവരെ മൃതദേഹങ്ങളുമായെത്തിയ ആംബുലൻസുകൾ പൊലീസ്‌ സ്‌റ്റേഷന്‌ മുമ്പിൽ നിർത്തിയിട്ടു. അഞ്ചരയോടൈ ആംബുലൻസുകൾ പള്ളിയങ്കണത്തിൽ എത്തി.  കാത്തുനിന്ന ജനക്കൂട്ടത്തിലെ പലരും വാവിട്ട്‌ നിലവിളിച്ചു. ചിലർ തളർന്നുവീണു. ഏഴോടെ ബിന്ദുവിന്റെയും ബേസിലിന്റെയും മൃതദേഹങ്ങൾ ഒരേകല്ലറയിൽ സംസ്‌കരിച്ചു. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ ഇവരുടെ വീടും പരിസരവും കയർകെട്ടി തിരിച്ച്‌ ബ്ലോക്ക്‌ ചെയ്‌തതിനാൽ മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചില്ല.  ഷാജു–-ബിന്ദു ദമ്പതികളുടെ മകൾ ബേയ്‌സി അമ്മയ്‌ക്കും സഹോദരനും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അന്ത്യചുംബനം നൽകിയത്‌ കണ്ടുനിന്നവരെയും കണ്ണീരിലാഴ്‌ത്തി. സംസ്‌കാര ചടങ്ങുകൾക്ക്‌ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ സ്‌തെഫാനിയോസ്‌, ഇടവക വികാരി ഫാ. ജിബിൻ പുന്നശ്ശേരി എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News