സിനിമയിൽ ചുവടുറപ്പിച്ച്‌ സുജിൽസായ്‌

സുജിൽ സായ്‌.


മലയാള സിനിമയിൽ ചുവടുറപ്പിച്ച്‌ സുജിൽ സായ്‌. മുഖ്യ ഛായാഗ്രാഹകനായും അസോസിയേറ്റായും നിരവധി ചിത്രങ്ങളിൽ പ്രതിഭ തെളിയിച്ചു. വയനാട് വാളേരി സ്വദേശിയായ സുജിൽ മലയാള സിനിമയുടെ പിന്നണിയിലെത്തിയിട്ട്‌ വർഷം എട്ടാകുന്നു.  2015 മുതൽ ഈ മുപ്പത്തിനാലുകാരൻ സിനിമാരംഗത്തുണ്ട്‌.  വർഷങ്ങൾക്ക് മുമ്പ്  വീഡിയോ കാമറ വാങ്ങി ദൃശ്യങ്ങൾ പകർത്തി തുടങ്ങിയതാണ്‌. പിന്നീട് ചുരമിറങ്ങി സിനിമാലോകത്ത് എത്തി. സംസ്ഥാന അവാർഡ് നേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മികച്ച ബാലതാരത്തിന്‌ ദേശീയ അവാർഡ് ലഭിച്ച കുഞ്ഞുദൈവം,  ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ചക്കരമാവിൻ കൊമ്പത്ത്, മമ്മാലി എന്ന ഇന്ത്യക്കാരൻ, പപ്പു, കക്ഷി അമ്മിണിപ്പിള്ള, മോഹൻകുമാർ ഫാൻസ്, ചാലക്കുടിക്കാരൻ ചങ്ങാതി, ആകാശഗംഗ രണ്ട്‌, പക, ചുരുളി, ഇന്നലെ വരെ, പടച്ചോനെ ഇങ്ങള് കാത്തോളീ, കൊറോണ ധവാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ പാടവം തെളിയിച്ചു. രണ്ട് സിനിമകളിൽ അഭിനയിച്ചു.  ഛായാഗ്രാഹകരായ ജോബി ജെയിംസ്, അബ്ദുൽ റഹീം, പ്രകാശ് കുട്ടി, അരുൺ വർമ, ബാഹുൽ രമേശ്, വിനോദ് ഇല്ലമ്പള്ളി, പ്രദീപ് നായർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.  ഓസ്‌കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്‌ത  ‘ഒറ്റ'യുടെ അസോസിയേറ്റ് ക്യാമറാമാനായി. പരസ്യചിത്രങ്ങൾ,  ആൽബങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയും ചെയ്‌തിട്ടുണ്ട്‌.  സുനിൽ സർഗയാണ്‌ ഗുരു.  വാളേരി പുത്തൻവീട്ടിൽ കുഞ്ഞനന്തന്റെയും വിജയലക്ഷ്മിയുടെയും മകനാണ്‌.  സഹോദരൻ: സുധീഷ്‌.   Read on deshabhimani.com

Related News