ജനറൽ ആശുപത്രി അവസാനിക്കാതെ ഫാർമസിക്ക് മുമ്പിലെ കാത്തുനിൽപ്പ്
കൽപ്പറ്റ ജനറൽ ആശുപത്രി ഫാർമസിയിലെ നീണ്ട ക്യൂവിന് അവസാനമില്ല. ദിവസവും ആയിരത്തിലേറെ രോഗികളെത്തുന്ന ആശുപത്രി ഫാർമസിയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്താത്തതും ആവശ്യത്തിന് കൗണ്ടറുകൾ പ്രവർത്തിക്കാത്തതും രോഗികളെ വലയ്‌ക്കുകയാണ്. ടോക്കൺ സംവിധാനം ഏർപ്പെടുത്തി ഫാർമസി നവീകരിക്കാൻ തയ്യാറാകണമെന്ന് ആശുപത്രി അധികൃതർ നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കാത്തതാണ് പ്രതിസന്ധി. മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്നുവേണം രോഗികൾ മരുന്ന് വാങ്ങാൻ. വയോജനങ്ങളും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും ഉൾപ്പെടെ അവശരായ രോഗികളെല്ലം നീണ്ട ക്യൂവിലാണ്. രാവിലെ ഒമ്പതുമുതൽ പകൽ 1.30 വരെയാണ് ഒപി. സ്ഥിരമായി നാനൂറിലധികം പേരടങ്ങുന്ന ക്യൂവാണ് ഫാമസിക്കുമുമ്പിൽ. ഫാർമസിയിൽ എത്തുന്നവർക്ക് മതിയായ ഇരിപ്പിടമില്ലാത്തതാണ് ടോക്കൺ സംവിധാനം ഏർപ്പെടുത്തുന്നതിൽ തടസ്സം. താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചാൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാനുമാകും. ശരാശരി 1200 മുതൽ 1500വരെ പേരാണ് ആശുപത്രിയിൽ ഒപി വഴി പ്രതിദിനം ചികിത്സതേടുന്നത്. ചികിത്സയ്‌ക്കെത്തുന്ന മുഴുവനാളുകൾക്കുമായി നാലുകൗണ്ടറുകൾ മാത്രമുള്ള ഒറ്റഫാർമസിയിൽനിന്നാണ് മരുന്ന് വിതരണം. അമ്പതോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമേ ഫാർമസിക്ക് മുമ്പിലുള്ളു. നിലവിലുള്ള സൗകര്യം വിപുലീകരിച്ച് ഇരിപ്പിടങ്ങൾ ഒരുക്കി ഡിജിറ്റൽ ടോക്കൺ സംവിധാനം ഒരുക്കണമെന്നാണ് ആശുപത്രിയെ ആശ്രയിക്കുന്നവരുടെ ആവശ്യം. Read on deshabhimani.com