പി എ ഓർമകളിലല്ല, ഹൃദയങ്ങളിൽ



  പി എ മുഹമ്മദ്‌ നഗർ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ച്‌ അമ്പത്‌ വർഷം പൂർത്തിയാക്കിയുള്ള ജില്ലാ സമ്മേളനം പി എ മുഹമ്മദിന്റെ  ഓർമകൾക്ക്‌ നടുവിലാണ്‌. പി  എ വിടപറഞ്ഞ ശേഷമുള്ള ആദ്യ സമ്മേളനമാണ്‌  ബത്തേരിയിലേത്‌.   വയനാട്ടിലെ സിപിഐ എമ്മിന്റെ ചരിത്രം പി എ എന്ന രണ്ടക്ഷരത്തിലാണ്‌ ചേർന്നുനിൽക്കുന്നത്‌. കാൽനൂറ്റാണ്ട്‌ പാർടിയെ നയിച്ച അനിഷേധ്യ നേതൃത്വമായിരുന്നു.  കമ്യൂണിസ്റ്റ്–-ട്രേ-ഡ്-- യൂ-ണി-യ-ൻ പ്ര-സ്ഥാ-നം ജില്ലയിൽ കെട്ടിപ്പടുത്ത പി എയുടെ  ഊജ്വല സ്മരണകൾ ഇരമ്പുന്ന നഗറിലാണ്‌ ഇത്തവണത്തെ സമ്മേളനം.   1973ലെ പ്രഥമ സമ്മേളനം മുതൽ 2021ൽ വൈത്തിരിൽ നടന്ന 15–-ാം ജില്ലാ സമ്മേളനംവരെ പി എയുടെ നേതൃത്വമുണ്ടായി. ആശുപത്രിക്കിടക്കയിൽനിന്നാണ്‌ കഴിഞ്ഞതവണ വൈത്തിരി സമ്മേളനത്തിലേക്ക്‌ എത്തിയത്‌. മുഴുവൻ ഏരിയാ സമ്മേളനങ്ങളിലും പങ്കെടുത്തു. ‘എനിക്കെന്റെ സഖാക്കളെ എല്ലാവരെയും കാണണം’ എന്നുപറഞ്ഞാണ്‌ അവശതകൾ അവഗണിച്ച്‌ സമ്മേളനത്തിനെത്തിയതെന്ന്‌ ജില്ലാ സെക്രട്ടറി പി ഗഗാറിൻ അനുസ്‌മരിച്ചു. സഖാക്കളുമായി അത്ര ആഴത്തിലുള്ള ബന്ധമായിരുന്നു.  പ്രഥമ സമ്മേളന കാലയളവ്‌ മുതൽ കമ്മിറ്റിയിലെ സെക്രട്ടറിയറ്റ്‌ അംഗം. കാൽനൂറ്റാണ്ട്‌ ജില്ലയിലെ പാർടിയെ  നയിച്ചു.   2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാകുംവരെ സംസ്ഥാന കമ്മിറ്റിയംഗമായും നിറഞ്ഞുനിന്നു.  1960ൽ വയനാട്‌ എസ്‌റ്റേറ്റ്‌ ലേബർ യൂണിയൻ ഓഫീസ്‌ സെക്രട്ടറിയായി ആരംഭിച്ച പാർടി ചുമതലകളോട്‌ ഏത്‌ ദുഷ്‌കര സാഹചര്യത്തിലും നീതി പുലർത്തി. തൊഴിലാളി സമരവുമായ ബന്ധപ്പെട്ട്‌ 1961ലും പിന്നീട്‌ അടിയന്തരാവസ്ഥക്കാലത്തും മൂന്നുമാസം വീതം ജയിൽശിക്ഷ അനുഭവിച്ചു. കമ്യൂണിസ്റ്റ്‌ വേരോട്ടമില്ലാത്ത കുടിയേറ്റമണ്ണിൽ പാർടി ആശയങ്ങൾക്ക്‌ അടിത്തറ പാകാൻ പിഎയുടെ നേതൃപാഠവം നിർണായകമായി. 25 വർഷം നയിച്ച പ്രക്ഷോഭങ്ങളാണ്‌ വയനാടിനെ ഇന്നുകാണുന്ന ജില്ലയാക്കി മാറ്റിയത്‌. വയനാടിന്റെ സമര ചരിത്രത്തിൽ മായ്‌ക്കാനാകാത്ത ഉജ്വല ഏടായി ഒരു  ജനതയുടെ ഓർമകളിൽ പി എ ഇന്നും ജീവിക്കുന്നു.   Read on deshabhimani.com

Related News