ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം കർണാടകം സുപ്രീം കോടതിയിൽ 
അനുകൂല സത്യവാങ്മൂലം നൽകണം

സിപിഐ എം വയനാട്‌ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ


  പി എ മുഹമ്മദ്‌ നഗർ (എടത്തറ 
ഓഡിറ്റോറിയം) കോഴിക്കോട്‌–-കൊല്ലഗൽ  ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന്‌ സിപിഐ എം വയനാട്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ യാത്രാ നിരോധനം പിൻവലിക്കുന്നതിന് അനുകൂലമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകണം. യാത്രാ നിരോധനത്തിനെതിരെ സംസാരിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ അനുകൂല സത്യവാങ്മൂലം നൽകാൻ കർണാടക സർക്കാരിനെ പ്രേരിപ്പിക്കണം.  നിരോധനം പിൻവലിക്കാൻ ആവശ്യമായ നിലപാട് കേന്ദ്രസർക്കാരും സുപ്രീം കോടതിയിൽ  സ്വീകരിക്കണം.   700 വർഷത്തോളം പഴക്കമുള്ള പാതയിലാണ്‌ രാത്രിയാത്രാ നിരോധനമുള്ളത്‌.  2009 ആഗസ്ത് ഒന്നിന്‌ ചാമരാജ് നഗർ ഡെപ്യൂട്ടി കമീഷണറാണ്‌  ഈ പാതയിൽ  രാത്രിയാത്ര നിരോധിച്ചത്‌. അന്ന്‌ കേരളത്തിലുണ്ടായിരുന്ന  എൽഡിഎഫ്‌ സർക്കാർ  കർണാടക സർക്കാരുമായി ബന്ധപ്പെട്ടതിനെ  തുടർന്ന്‌ ചാമരാജ്നഗർ കലക്ടർ ഉത്തരവ്‌ പിൻവലിച്ചു.  സംഘടനകൾ കർണാടക ഹൈക്കോടതിയെ സമീപിച്ചതോടെ  കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പിന്നീട്‌  ജില്ലയിൽ ദേശീയ പാത 766 സംരക്ഷണ സമരസമിതി രൂപീകരിച്ച്‌ 2019 സെപ്തംബർ 25 മുതൽ ബത്തേരി കേന്ദ്രീകരിച്ച്  ബഹുജന സമരം നടത്തി.   കേരള സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.   യാത്രാ നിരോധനം പിൻവലിക്കണമെന്ന  പ്രമേയം 2019 നവംബർ എട്ടിന് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. രാജ്യത്ത് അമ്പതോളം കടുവാസാങ്കേതങ്ങളിൽ നിയന്ത്രണമില്ലാതെ  ഗതാഗതമുണ്ട്‌.  ദേശീയപാത 766ൽ മധൂരിനും  മുത്തങ്ങക്കുമിടയിൽ 19 കിലോമീറ്ററിനിടയിലാണ് മൃഗങ്ങളുടെ റോഡ് ക്രോസിങ്. സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധസമിതി ഈ മേഖലയിൽ ആകാശപാതകളും ഇരുമ്പ്‌, ജൈവ വേലികളും സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാനാവും എന്ന നിർദേശം ഉപരിതല ഗതാഗത മന്ത്രാലയത്തിന്‌ സമർപ്പിച്ചു.  500 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ 250 കോടി  നൽകാമെന്ന് കേരളം ഉറപ്പ് നൽകി, ബജറ്റിൽ തുക  വകയിരുത്തി.    പദ്ധതിയോട് കർണാടക സർക്കാരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും വിയോജിച്ചു.  പദ്ധതി വീണ്ടും ചർച്ചചെയ്യണം. കേരളവും കർണാടകയും യോജിപ്പിലെത്തി സുപ്രീം കോടതിയെ സമീപിച്ച് പ്രശ്നത്തിന്‌ പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News