അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മികവിന്റെ കേന്ദ്രത്തിൽ നൂറുമേനി പച്ചക്കറി
അമ്പലവയൽ മികവിന്റെ കേന്ദ്രത്തിൽ നൂറുമേനി പച്ചക്കറി ഉൽപ്പാദനവുമായി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. ഗവേഷണ കേന്ദ്രത്തിലെ സെന്റർ ഒാഫ് എക്സലൻസിൽ മൂന്നുമാസത്തിനുള്ളിൽ ആറുടൺ പച്ചക്കറി ഉൽപ്പാദിപ്പിച്ചു. കക്കിരി, വഴുതന, പയർ, മുളക്, പടവലം, പാവയ്ക്ക, തക്കാളി, വെണ്ട എന്നിവയാണ് വിളവെടുത്തത്. ഗുണമേന്മയുള്ള പച്ചക്കറി തൈകളും പുഷ്പകൃഷിക്കായുള്ള തൈകളും ലഭ്യമാക്കുന്നുണ്ട്. മിഷൻ ഫോർ ഇന്റർഗ്രേറ്റഡ് ഡെവലപ്മെന്റ് ഒാഫ് ഹോർട്ടികൾച്ചർ പദ്ധതിയുടെയും റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെയും ഭാഗമായാണ് 13.7 കോടി രൂപ വിനിയോഗിച്ച് സെന്റർ ഒാഫ് എക്സലൻസ് യാഥാർഥ്യമാക്കിയത്. ഡച്ച്, ഇന്ത്യൻ മാതൃകയിൽ തീർത്ത അഞ്ച് പോളിഹൗസ്, വിത്ത് ഉൽപ്പാദനത്തിനായുള്ള അഞ്ച് പോളിഹൗസ്, നാല് ഷെയ്ഡ് നെറ്റ് പോളിഹൗസ് എന്നിവ ഉൾക്കൊള്ളുന്നതാണ് കാർഷിക ഗവേഷണ കേന്ദ്രത്തിലെ സെന്റർ ഒാഫ് എക്സലൻസ്. നിലവിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറിയുടെ വിപണനവും മാർക്കറ്റിങ് സംവിധാനവും മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഗവേഷണ കേന്ദ്രം. കർഷകർക്ക് പ്രത്യേക പരീശീലനവും നൽകുന്നുണ്ട്. ആധുനിക കൃഷിരീതികളുടെ പരിശീലനത്തിലൂടെ കർഷകർക്ക് പുതുവഴി തുറന്നിടുകയാണ് ഇവിടം. Read on deshabhimani.com