വന്യമൃഗ പ്രതിരോധത്തോടും മുഖംതിരിച്ചു
കൽപ്പറ്റ അതിരൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന ജില്ലയിൽ പ്രതിരോധ നടപടികൾക്കായി കേന്ദ്രസഹായം അനുവദിക്കണമെന്ന ആവശ്യം ഈ ബജറ്റിലും കേന്ദ്രസർക്കാർ പരിഗണിച്ചില്ല. വനം കൺകറന്റ് ലിസ്‌റ്റിൽ ആയതിനാൽ വന്യമൃഗപ്രതിരോധത്തിൽ കേന്ദ്ര, -സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്വമാണ്. എന്നാൽ ഒരുസഹായവും കേന്ദ്രം അനുവദിക്കുന്നില്ല. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ജില്ലയിൽ വന്യമൃഗ ആക്രമണങ്ങളിൽ 12 പേരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ കടുവ ഇരയാക്കിയപ്പോൾ 10 പേർ കാട്ടാന ആക്രമണത്തിലാണ് മരിച്ചത്. വന്യമൃഗശല്യ പ്രതിരോധത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച 620 കോടിയുടെ പദ്ധതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നു. മാസങ്ങൾക്കുമുമ്പ് കേന്ദ്ര വനംമന്ത്രി ജില്ലയിൽ എത്തിയപ്പോൾ വന്യമൃഗശല്യത്തിന്റെ രൂക്ഷത നേരിൽ കണ്ടതാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ വന്യമൃഗശല്യം നേരിടുന്ന ജില്ലകളിൽ ഒന്നാണ് വയനാട്. എങ്ങും കാട്ടാനകളുടെ വിളയാട്ടമാണ്. നിത്യേന ആക്രമണങ്ങളാണ്. ജനജീവിതം തീർത്തും ദുസ്സഹമായി. വന്യമൃഗശല്യ പ്രതിരോധത്തിന് എട്ടുവർഷത്തിനിടെ സംസ്ഥാന സർക്കാർ നടപ്പാക്കിയത് നൂറ് കോടിയോളം രൂപയുടെ പദ്ധതികളാണ്. സംസ്ഥാനംമാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്നതല്ല വന്യമൃഗശല്യം. കേന്ദ്രസഹായത്തോടെയേ പരിഹരിക്കാനാകൂ. ഈ ഇനത്തിൽ ഒരുസഹായവും കേന്ദ്രം നൽകുന്നില്ല. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. Read on deshabhimani.com