മാനന്തവാടി നഗരസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
മാനന്തവാടി നഗരസഭാ പരിധിയിൽ ആവശ്യത്തിന് ശുചിമുറിയില്ലാത്തതിനാൽ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വെള്ളി രാവിലെ പത്തോടെ ആരംഭിച്ച പ്രതിഷേധ സമരം ഉച്ചവരെ നീണ്ടു. മാനന്തവാടിയിൽ ആവശ്യത്തിന് ശുചിമുറികളില്ലാത്തതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ബുദ്ധിമുട്ടുന്നത്. ഗാന്ധിപാർക്കിലുണ്ടായിരുന്ന ശുചിമുറികൾ മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റിയിരുന്നു. പകരം താൽക്കാലികമായി ഇ ടോയ്‌ലറ്റ് ഒരുക്കിയെക്കിലും ദിവസങ്ങൾ പിന്നിട്ടതോടെ കക്കൂസ് മാലിന്യമുൾപ്പെടെ നിറയുകയും ടോയ്‌ലറ്റ് അടയ്ക്കുകയുമായിരുന്നു. ഇതോടെ കച്ചവടക്കാർ, ഡ്രൈവർമാർ, തൊഴിലാളികൾ തുടങ്ങി മാനന്തവാടി പട്ടണവുമായി നിരന്തരം ഇടപഴകുന്നവരാണ് പ്രാഥമികകൃത്യം നിർവഹിക്കാൻ പെരുവഴിയെ ആശ്രയിക്കേണ്ടിവരുന്നത്. ബസ്‌സ്റ്റാൻഡിലുള്ള ശുചിമുറിയിലാവട്ടെ പലപ്പോഴും ദുർഗന്ധം വമിച്ച് മൂക്കുപൊത്തി കയറേണ്ട സ്ഥിതിയുമാണ്. ഇവിടെ സ്ത്രീകൾക്കുള്ള മതിയായ സൗകര്യങ്ങളുമില്ല. അതോടൊപ്പംതന്നെ രാത്രിയിൽ മാനന്തവാടി ഗാന്ധിപാർക്കിലെത്തുന്ന യാത്രികരും പെരുവഴിയെ തന്നെ ആശ്രയിക്കേണ്ടി വരികയാണ്. കൂടാതെ വയനാട് മെഡിക്കൽ കോളേജ്, സബ് കലക്ടർ ഓഫീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവരിൽ പലരും പ്രാഥമിക കൃത്യം നിർവഹിക്കാനായി ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ്. ശുചിമുറികളുടെ ആവശ്യം ഏറിയിട്ടും ഒരുനടപടിയും ഭരണസമിതി അധികൃതർ സ്വീകരിക്കാത്തതിനെതിരെയാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. പ്രതിഷേധ സമരം കൗൺസിലർ കെ എം അബ്ദുൽ ആസിഫ് ഉദ്ഘാടനംചെയ്തു. വി കെ സുലോചന അധ്യക്ഷയായി. ടി കെ പുഷ്പൻ, എ വി മാത്യു, കെ സൈനബ, വി കെ തുളസി, എ കെ റൈഷാദ്, പി യു സന്തോഷ് കുമാർ, ടി എ പാത്തുമ്മ, ഷൈനി ജോർജ്, വിപിൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശാരദ സജീവൻ സ്വാഗതവും വി ആർ പ്രവീജ് നന്ദിയും പറഞ്ഞു. Read on deshabhimani.com