അനാഥമായി കുറുവാ ദ്വീപിന്റെ മനോഹാരിത

കുറുവാദ്വീപിൽ ഉപയോഗമില്ലാതെ നശിക്കുന്ന മുളച്ചങ്ങാടം


പുൽപ്പള്ളി അടഞ്ഞുകിടക്കുന്ന കുറവാദ്വീപിൽ വിനോദ ഉപകരണങ്ങൾ നശിക്കുന്നു. ജില്ലയുടെ വിനോദസഞ്ചാര കുതിപ്പിൽ നിർണായക പങ്കുവഹിച്ചിരുന്ന കുറുവാദ്വീപ്‌ ഏഴുമാസമായി പ്രവർത്തനമില്ലാതായതോടെയാണ്‌ ചങ്ങാടങ്ങളും ഇരിപ്പിടങ്ങളും ഉൾപ്പെടെയുള്ളവ നശിക്കുന്നത്‌. ജീവനക്കാരനായിരുന്ന വെള്ളച്ചാലിൽ പോൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതോടെ കോടതി ഉത്തരവനുസരിച്ച്‌ കുറുവാ ദ്വീപുൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക്‌ പൂട്ടുവീഴുകയായിരുന്നു. സഞ്ചാരികൾ ഒഴിഞ്ഞ്‌ ശൂന്യമായ വിനോദസഞ്ചാര കേന്ദ്രത്തിൽ ലക്ഷങ്ങളുടെ സാമഗ്രികളാണ്‌  അനാഥമായത്‌. അമ്പതുപേർക്ക്‌ ഒരുമിച്ച്‌ യാത്രചെയ്യാനാകുന്ന ചങ്ങാടങ്ങൾ, മുളയിൽ തീർത്ത വേലികൾ, പാലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയെല്ലാം ചിതലരിക്കുന്നതിന്റെ വക്കിലാണ്‌. അനുബന്ധ കെട്ടിടങ്ങളിൽ കാടുകേറി. നടവഴികൾ മനോഹരമാക്കാൻ നട്ടുപിടിപ്പിച്ച തൈകൾ പരിപാലനമില്ലാതെ വികൃതമാണ്‌. മണിമരുത്, പൂവാക, ഉങ്ങ്, ഇലഞ്ഞി തുടങ്ങിയവയെല്ലാം മുരടിച്ചു. കുറുവാദ്വീപിനോട്‌ ചേർന്ന്‌ ഉപജീവനം നടത്തിയവരാണ്‌ വലിയ പ്രതിസന്ധിയിലേക്ക്‌ വീണത്‌. ദ്വീപിനൊപ്പം അനുബന്ധ സ്ഥാപനങ്ങളും സഞ്ചാരികളില്ലാതെ പൂട്ടിക്കിടക്കുകയാണ്‌. കുറവാദ്വീപിന്റെ സംരക്ഷണം ഉറപ്പാക്കി വിനോദസഞ്ചാരകേന്ദ്രത്തെ ആശ്രയിച്ചിരുന്നവരുടെ ഉപജീവന മാർഗം തിരിച്ചുപിടിക്കാൻ വേഗത്തിൽ കഴിയണമെന്ന്‌ ആവശ്യപ്പെടുകയാണ്‌ സഞ്ചാരികളും നാട്ടുകാരും.   Read on deshabhimani.com

Related News