അമ്പിലേരി - നെടുങ്ങോട് റോഡ് "ഇതെന്ന്‌ നന്നാവും, 
കുത്തിക്കുലുങ്ങിയുള്ള യാത്ര മടുത്തു -



 കൽപ്പറ്റ   അമ്പിലേരി- നെടുങ്ങോട് റോഡിലെ നാട്ടുകാരുടെ ചോദ്യം  ഈ റോഡ്‌ എന്ന്‌ നന്നാവുമെന്നാണ്‌.  കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ദുരവസ്ഥക്ക് മാറ്റമില്ലാതായിട്ട് കാലങ്ങളായി. റോഡിലൂടെയുള്ള യാത്ര മടുത്ത പ്രദേശവാസികൾ ജനകീയസമിതി നേതൃത്വത്തിൽ പല സമരങ്ങൾ നടത്തിയിട്ടും നഗരസഭക്ക് കുലുക്കമില്ല. മൂന്നുവർഷത്തോളമായി റോഡ് തകർന്നുകിടക്കുകയാണ്. പാത ഗതാഗതയോഗ്യമാക്കാൻ  നഗരസഭാധികൃതർ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡിലൂടെ കാൽനടപോലും ദുഷ്കരമാണ്. രണ്ടുകിലോമീറ്ററോളമുള്ള പാതയിൽ കുഴികൾ മാത്രമാണ്‌. ശ്രദ്ധ അൽപ്പം തെറ്റിയാൽ വാഹനങ്ങൾ ഗട്ടറിൽ വീഴുമെന്നുറപ്പ്. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വാഹനമിറക്കി നിയന്ത്രണം തെറ്റി പലതവണ അപകടത്തിൽപ്പെട്ടു. പ്രദേശത്തേക്ക് വിളിച്ചാൽ ഓട്ടോപോലും വരാത്ത സ്ഥിതിയായി. ഉദ്ദേശിച്ച സ്ഥലത്ത് എത്തണമെങ്കിൽ ഇരട്ടി സമയമെടുക്കും. പ്രദേശവാസികളുടെ വാഹനങ്ങൾക്കും കേടുപാട്‌ സംഭവിക്കലുണ്ട്. നഗരസഭയുടെ 4, 12 വാർഡുകളിലൂടെയാണ്‌ പാത കടന്നുപോകുന്നത്‌. അഞ്ഞൂറോളം കുടുംബങ്ങൾക്ക് ഏക ആശ്രയമാണ് ഈ വഴി. കൽപ്പറ്റ ഇൻഡോർ സ്റ്റേഡിയത്തിലേക്കും പോകാനുപയോഗിക്കുന്ന വഴിയാണിത്. വേനൽക്കാലത്ത് റോഡിൽ പൊടിശല്യവും മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവുമാണുള്ളത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ നഗരസഭാ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News